പയ്യാമ്പലത്തെ കെ.ജി. മാരാര്‍ സ്മൃതിമന്ദിരത്തിന് മുന്നില്‍ നായയുടെ ജഡം കത്തിച്ചനിലയില്‍; പ്രതിഷേധം
കണ്ണൂർ: അന്തരിച്ച ബി ജെ പി നേതാവ് കെ ജി മാരാരുടെ പയ്യാമ്പലത്തെ സ്മൃതിമന്ദിരത്തിന് മുന്നില്‍ നായയുടെ ജഡം കത്തിച്ചനിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. മന്ദിരത്തോട് ചേർന്നാണ് നായയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ചത്തുകിടന്ന തെരുവു നായയെ സ്മൃതി മന്ദിരത്തിന് മുന്നിലിട്ട് വിറക് കൂട്ടി കത്തിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിന് പിന്നില്‍ പയ്യാമ്പലത്തെ നാലുപേരടങ്ങുന്ന സംഘമാണെന്ന് ബി ജെ പി നേതൃത്വത്തിന് സൂചന ലഭിച്ചതായി റിപ്പോർട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം ആവശ്യപ്പെട്ട് പൊലീസിന് പരാതി നൽകിയിട്ടുണ്ട്.വിവരം അറിഞ്ഞ് പാർട്ടിയുടെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ പയ്യാമ്പലത്ത് എത്തി. സംഭവം ആസൂത്രിതമാണെന്നാണ് ബി ജെ പി നേതാക്കൾ ആരോപിക്കുന്നത്.
എന്നാൽ സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ആരോപണങ്ങളൊന്നും ഇതുവരെ ബി ജെ പി ഉന്നയിച്ചിട്ടില്ല. അതേസമയം, സ്മൃതി മണ്ഡപത്തിന് മുന്നിൽ കൊവിഡ് രോഗികളെ സംസ്കരിക്കാൻ വിറകും മറ്റും കൂട്ടിയിട്ടതിൽ കണ്ണൂർ കോർപ്പറേഷനെ ശക്തമായി വിമർശിച്ചുകൊണ്ട് ബി ജെ പി രംഗത്തെത്തിയിട്ടുണ്ട്. ഈ വിറക് ഉപയോഗിച്ചാണ് നായയെ കത്തിച്ചിരിക്കുന്നത്. എന്നാൽ ഇത് ബോധപൂർവം ചെയ്തതല്ലെന്നാണ് കോർപ്പറേഷന്റെ വിശദീകരണം. സ്മൃതി മണ്ഡപത്തിന് മുന്നിലുള്ള വിറകുൾപ്പടെയുള്ള സാധനങ്ങൾ ഉടൻ മാറ്റുമെന്നും കോർപ്പറേഷൻ അറിയിച്ചിട്ടുണ്ട്.