kollam
'വന്ദനയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം'; പൊലീസിനെതിരെ നടപടി വേണമെന്ന് ഐഎംഎ
കൊല്ലം: കൊട്ടാരക്കരയിൽ വൈദ്യപരിശോധനയ്ക്കിടെ പ്രതിയുടെ കുത്തേറ്റ് ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് ഐഎംഎ. കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം. സംഭവത്തിൽ വീഴ്ച വരുത്തിയ പൊലീസിനെതിരെ നടപടി വേണം. അക്രമം നടന്നാൽ ഒരു മണിക്കൂറിനുളളിൽ എഫ്ഐആർ തയ്യാറാക്കണം. ഒരു മാസത്തിനുളളിൽ അന്വേഷണം പൂർത്തിയാക്കുകയും ഒരു വർഷത്തിനുളളിൽ ശിക്ഷാവിധി പൂർത്തിയാക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ഇതെല്ലാം സമരത്തിൽ ഉന്നയിക്കാനാണ് ഐഎംഎയുടെ തീരുമാനം.
ആശുപത്രികളെ സംരക്ഷിത മേഖലയാക്കുക. പുതിയ നിയമം ഓർഡിനൻസായി കൊണ്ടുവരണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. അതേസമയം വന്ദനയുടെ മരണത്തിൽ നാളെയും സമരം തുടരുമെന്ന് കെജിഎംഒഎ അറിയിച്ചു. ഐഎംഎയുടെ സമര പ്രഖ്യാപനത്തിന് പിന്നാലെയാണ് കെജിഎംഒഎയുടെ നടപടി. വിഐപി ഡ്യൂട്ടിയടക്കം ബഹിഷ്കരിക്കാനാണ് തീരുമാനം. അത്യാഹിത വിഭാഗങ്ങളിൽ സേവനം തുടരുമെന്നും കെജിഎംഒഎ അറിയിച്ചു. ഡോക്ടർമാരുടെ സംഘടന ഇന്ന് ചീഫ് സെക്രട്ടറിയുമായി ചർച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഡോക്ടർമാരുടെ ആശങ്കകളും ആവശ്യങ്ങളും മുഖ്യമന്ത്രിയെ അറിയിക്കാമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞെങ്കിലും അതുപോരെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു സംഘടന.
കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന്റെ ശരീരത്തില്‍ 11 കുത്തുകളുണ്ടെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു. വന്ദനയുടെ തലയുടെ പിന്‍ഭാഗത്തും ചെവിയുടെ ഭാഗത്തും മൂക്കിലും ഇടതു കയ്യിലും മുതുകിലും കുത്തേറ്റു. ഡോക്ടറുടെ തലയില്‍ മാത്രം പ്രതി മൂന്ന് തവണയാണ് കുത്തിയത്. ആറ് തവണ മുതുകിലും കുത്തേറ്റു. മുതുകിലും തലയിലുമേറ്റ കുത്തുകളാണ് വന്ദനയുടെ മരണത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.അതേസമയം 22കാരിയായ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന്റെ പ്രഥമവിവര റിപ്പോര്‍ട്ടില്‍ വൈരുദ്ധ്യമുണ്ട്. പ്രതി സന്ദീപ് ആദ്യം ആക്രമിച്ചത് വന്ദനെയാണെന്നും ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസുകാര്‍ക്ക് പരുക്കേറ്റതെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. എന്നാല്‍ പ്രതി ആദ്യം ആക്രമിച്ചത് അയാളുടെ ബന്ധുവിനെയും പൊലീസുകാരേയുമാണെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പൊലീസ് പറഞ്ഞിരുന്നത്