Headlines
Loading...
വീടിന്‍റെ മേല്‍ക്കൂരയില്‍ ഉല്‍ക്ക പതിച്ചു; യുവാവ് ഒറ്റരാത്രികൊണ്ട് കോടീശ്വരനായി!!

വീടിന്‍റെ മേല്‍ക്കൂരയില്‍ ഉല്‍ക്ക പതിച്ചു; യുവാവ് ഒറ്റരാത്രികൊണ്ട് കോടീശ്വരനായി!!

വീടിന്‍റെ മേല്‍ക്കൂരയില്‍ ഉല്‍ക്ക പതിച്ചതിനെ തുടര്‍ന്ന് ഒറ്റരാത്രികൊണ്ട് യുവാവ് കോടീശ്വരനായി. ഇന്തോനേഷ്യയിലെ സുമാത്രയിലാണ് സംഭവം. ഒരു ശവപ്പെട്ടി നിര്‍മ്മാണ സ്ഥാപനം നടത്തുന്ന 33 കാരനായ ജോസുവ ഹുത്തഗലംഗാണ് നേരം ഇരുട്ടിവെളുത്തപ്പോള്‍ കോടീശ്വരനായത്. രാത്രിയില്‍ വീടിന് മുകളില്‍ പതിച്ച ഉല്‍ക്കശിലയാണ് ഹുത്തഗലംഗിനെ കോടീശ്വരനാക്കിയത്.

ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ തന്റെ വീടിന് പുറത്ത് ജോലി ചെയ്യുകയായിരുന്നു ഹുത്തഗലംഗ്. 2.1 കിലോഗ്രാം ഭാരം വരുന്ന ഉല്‍ക്ക ആകാശത്തുനിന്ന് പാഞ്ഞെത്തി, അദ്ദേഹത്തിന്‍റെ വീടിന് മുന്‍വശത്തുള്ള വരാന്തയുടെ മേല്‍ക്കൂര തകര്‍ത്തു. "ശബ്ദം വളരെ ഉച്ചത്തിലായിരുന്നു, വീടിന്റെ ചില ഭാഗങ്ങളും വിറയല്‍ അനുഭവപ്പെട്ടു.

എന്താണ് സംഭവിച്ചതെന്ന് ആദ്യം പിടികിട്ടിയില്ല. പിന്നീടാണ് വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നതായി മനസിലായത്. ടെറസിന് മുകളില്‍ കയറി പരിശോധിച്ചപ്പോഴാണ് ഉല്‍ക്ക ശില കിടക്കുന്നതുകണ്ട്. പെട്ടെന്ന് അത് എടുക്കാന്‍ ശ്രമിച്ചെങ്കിലും, ചുട്ടുപൊള്ളുന്ന ചൂടായിരുന്നു അതിന്"- ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഹുത്തഗലംഗ് പറഞ്ഞു. അദ്ദേഹം ഉല്‍ക്കാശിലയുടെ ഫോട്ടോകള്‍ ഫേസ്ബുക്കില്‍ പങ്കിട്ടു, എന്നാല്‍ അതിനുശേഷമാണ് അദ്ദേഹത്തെ ശരിക്കും ഞെട്ടിക്കുന്ന കാര്യങ്ങള്‍ നടന്നത്. ഒറ്റരാത്രികൊണ്ടു ഹുത്തഗലംഗ് കോടീശ്വരനായി മാറുന്നതാണ് പിന്നീട് കാണുന്നത്. ഏകദേശം 9 കോടിയിലേറെ രൂപയ്ക്കാണ് ആ ഉല്‍ക്ക ഹുത്തഗലംഗ് വിറ്റത്.

ഹുത്തഗലംഗിന്‍റെ മേല്‍ക്കൂരയില്‍ പതിച്ച ഉല്‍ക്കാശില കാര്‍ബണേഷ്യസ് കോണ്ട്രൈറ്റ് ആണ് - വളരെ അപൂര്‍വമായ ഇനം. ഏകദേശം 450ല്‍ ഏറെ വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് ഇതെന്ന് കണക്കാക്കപ്പെടുന്നു. ഉല്‍ക്കശിലകള്‍ ശേഖരിക്കുന്ന അമേരിക്കയിലെ ജേര്‍ഡ് കോളിന്‍സ് എന്നയാള്‍ക്കാണ് ജോഷ്വ ഹുത്തഗലുങ് ഇത് വിറ്റത്. അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സെന്റര്‍ ഫോര്‍ മെറ്റോറൈറ്റ് സ്റ്റഡീസിലെ സഹപ്രവര്‍ത്തകന്‍ ജയ് പിയാറ്റെക്കിന് കോളിന്‍സ് ഇത് വീണ്ടും വിറ്റതായി റിപ്പോര്‍ട്ടുണ്ട്.

കാന്തികഗുണങ്ങളുള്ള അപൂര്‍വയിനം ഉല്‍ക്കശിലയ്ക്ക് തനിക്ക് കിട്ടിയ തുക കൃത്യമായി ഹുത്തഗലുങ് വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ഈ തുക ഏകദേശം 9 കോടിയില്‍ അധികമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഈ പണം അദ്ദേഹം 30 വര്‍ഷം ശവപ്പെട്ടി നിര്‍മ്മിച്ചു വില്‍ക്കുമ്ബോള്‍ ലഭിക്കുന്ന വരുമാനത്തേക്കാള്‍ കൂടുതലാണ്. ഇപ്പോള്‍ കിട്ടിയ പണം ഉപയോഗിച്ച്‌ തന്‍റെ ഗ്രാമത്തില്‍ ഒരു ആരാധനാലയം പണിയാനാണ് ഹുത്തഗലംഗ് ആലോചിക്കുന്നത്.