Headlines
Loading...
താനൂർ ബോട്ടപകടം; അന്വേഷിക്കാൻ പ്രത്യേക സംഘം, താനൂർ ഡിവൈഎസ്പിക്ക് ചുമതല

താനൂർ ബോട്ടപകടം; അന്വേഷിക്കാൻ പ്രത്യേക സംഘം, താനൂർ ഡിവൈഎസ്പിക്ക് ചുമതല

മലപ്പുറം: താനൂർ ബോട്ടപകടം അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. താനൂർ ഡിവൈഎസ്പി വി വി ബെന്നിക്കാണ് അന്വേഷണ ചുമതല. 14 പേരടങ്ങുന്ന അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുക. താനൂർ എസ്എച്ച്ഒ ജീവൻ ജോർജ്, തിരൂർ സബ് ഇൻസ്‌പെക്ടർ പ്രമോദ്, മലപ്പുറം എഎസ്ഐ ജയപ്രകാശ് എന്നിവരുൾപ്പെടെയുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസിന്റെ അന്വേഷണം ഏറ്റെടുക്കുക. മലപ്പുറം എസ്പി യാണ് കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുക.

അപകടത്തിൽപെട്ട 'അറ്റ്ലാന്റിക്' ബോട്ടിൽ ഫോറൻസിക് സംഘം പരിശോധന നടത്തി. പൊലീസ് അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. ഇതിനിടെ ബോട്ടിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി പരാതികളും ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. ബോട്ടിന്റെ അശാസ്ത്രീയ നിർമ്മാണം, പരമാവധിയിൽ കവിഞ്ഞ് ആളുകളെ കയറ്റിയത്, ലെെഫ് ജാക്കറ്റ് ഉറപ്പാക്കാഞ്ഞത് എന്നിവയാണ് അപകടത്തിന്റെ കാരണങ്ങളെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ബോട്ടിന്റെ ഉടമ താനൂർ സ്വദേശി നാസർ അറസ്റ്റിലായി. കോഴിക്കോട് നിന്നുമാണ് നാസറിനെ പൊലീസ് പിടിയിലായത്. അപകടത്തിന് പിന്നാലെ നാസർ ഒളിവിൽ പോയിരുന്നു. നാസറിനെതിരെ നരഹത്യ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ഇയാളുടെ മൊബെെൽ ഫോണും വാഹനവും പൊലീസ് കൊച്ചിയിൽ നിന്ന് പിടിച്ചെടുത്തിരുന്നു. നാസറിന്റെ സഹോദരൻ സലാം, അയൽവാസിയായ മുഹമ്മദ് ഷാഫി എന്നിവരെയും പൊലീസ് പിടികൂടിയിരുന്നു. വാഹനപരിശോധനക്കിടെ പാലാരിവട്ടം പൊലീസാണ് ഇവരെ പിടികൂടിയത്. ബോട്ട് ഡ്രെെവറും സഹായിയും ഇപ്പോഴും ഒളിവിലാണ്.