Headlines
Loading...
'പ്രദര്‍ശിപ്പിക്കില്ല'; 'ദി കേരള സ്റ്റോറി'ക്ക് പശ്ചിമ ബംഗാളിലും വിലക്ക്

'പ്രദര്‍ശിപ്പിക്കില്ല'; 'ദി കേരള സ്റ്റോറി'ക്ക് പശ്ചിമ ബംഗാളിലും വിലക്ക്

കൊല്‍ക്കത്ത: വിവാദ ചിത്രം 'ദി കേരള സ്റ്റോറി'ക്ക് പശ്ചിമ ബംഗാളില്‍ വിലക്ക്. സംസ്ഥാനത്തെ തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു. വിദ്വേഷ പ്രചരണവും ആക്രമണ സംഭവങ്ങളും ഒഴിവാക്കുന്നതിനായാണ് നടപടിയെന്ന് മമത അറിയിച്ചു.'എന്താണ് 'കശ്മീര്‍ ഫയല്‍സ്'?. ഒരു വിഭാഗത്തെ അപമാനിക്കുന്ന ചിത്രമാണത്. എന്താണ് 'കേരള സ്റ്റോറി'?... ഇതൊരു വികലമായ കഥയാണ്.' മമത പറഞ്ഞു. ബംഗാളിനെക്കുറിച്ചും സിനിമ ഒരുങ്ങുന്നുണ്ടെന്ന് മമത കൂട്ടിചേര്‍ത്തു.

അതേസമയം സര്‍ക്കാര്‍ നടപടിക്കെതിരെ സിനിമയുടെ നിര്‍മ്മാതാവ് വിപുല്‍ ഷാ രംഗത്തെത്തി. സര്‍ക്കാര്‍ തങ്ങളെ കേള്‍ക്കാന്‍ തയ്യാറായില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വിപുല്‍ ഷാ പറഞ്ഞു.തമിഴ്‌നാടിന് പിന്നാലെയാണ് ഇപ്പോള്‍ പശ്ചിമ ബംഗാളിലും ദി കേരള സ്റ്റോറിക്ക് വിലക്കേര്‍പ്പെടുത്തിയത്. ക്രമസാധാന പ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയ്‌ക്കൊപ്പം ചിത്രം കാണാന്‍ കാര്യമായി പ്രേക്ഷകര്‍ എത്തുന്നില്ലെന്ന വസ്തുത കൂടി പരിഗണിച്ചാണ് അസോസിയേഷന്‍ തീരുമാനമെടുത്തത്. വെള്ളിയാഴ്ചയാണ് തമിഴ്നാട്ടില്‍ ചിത്രം റിലീസ് ചെയ്തത്. തിയേറ്ററുകള്‍ കുറവായിരുന്നെങ്കിലും ചില സിംഗിള്‍ സ്‌ക്രീനുകളിലും മള്‍ട്ടിപ്ലെക്‌സുകളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ടായിരുന്നു. ഇതില്‍ ചില സിംഗിള്‍ സ്‌ക്രീന്‍ തിയേറ്ററുകള്‍ നേരത്തേതന്നെ ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും പിന്മാറിയിരുന്നു. മള്‍ട്ടിപ്ലെക്‌സുകള്‍ കൂടി പിന്മാറുന്നതോടെ തമിഴ് നാട്ടില്‍ ഇനി 'ദി കേരള സ്റ്റോറി'ക്ക് പ്രദര്‍ശനം ഉണ്ടായിരിക്കില്ല.

കേരളത്തില്‍ 21 സ്‌ക്രീനുകളിലാണ് 'ദി കേരള സ്റ്റോറി' പ്രദര്‍ശനം ആരംഭിച്ചത്. പ്രമുഖ മള്‍ട്ടിപ്ലെക്‌സ് ശൃംഖലയായ പിവിആര്‍ നേരത്തേ നിശ്ചയിച്ചിരുന്ന പ്രദര്‍ശനങ്ങളില്‍ നിന്ന് പിന്മാറിയിരുന്നു. കേരളത്തിലും ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ക്ക് പുറത്ത് പൊലീസ് സാന്നിധ്യമുണ്ടായിരുന്നു. ഉള്ളടക്കം കൊണ്ട് റിലീസിന് മുന്‍പേ വിവാദം സൃഷ്ടിച്ച ചിത്രമാണ് ദി കേരള സ്റ്റോറി. സംഘപരിവാര്‍ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ചിത്രത്തിനെതിരെ ഉയര്‍ന്ന പ്രധാന വിമര്‍ശനം