Headlines
Loading...
താനൂർ ദുരന്തം; ബോട്ടുടമ നാസർ അറസ്റ്റിൽ

താനൂർ ദുരന്തം; ബോട്ടുടമ നാസർ അറസ്റ്റിൽ

കോഴിക്കോട്: താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടിന്റെ ഉടമ താനൂർ സ്വദേശി നാസർ അറസ്റ്റിൽ. കോഴിക്കോട് നിന്നുമാണ് നാസറിനെ പൊലീസ് പിടിയിലായത്. അപകടത്തിന് പിന്നാലെ നാസർ ഒളിവിൽ പോയിരുന്നു. നാസറിനെതിരെ നരഹത്യ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ഇയാളുടെ മൊബെെൽ ഫോണും വാഹനവും പൊലീസ് കൊച്ചിയിൽ നിന്ന് പിടിച്ചെടുത്തിരുന്നു. നാസറിന്റെ സഹോദരൻ സലാം, അയൽവാസിയായ മുഹമ്മദ് ഷാഫി എന്നിവരെയും പൊലീസ് പിടികൂടിയിരുന്നു. വാഹനപരിശോധനക്കിടെ പാലാരിവട്ടം പൊലീസാണ് ഇവരെ പിടികൂടിയത്.
Also Read -
'നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ശിക്കാര ബോട്ടുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും'; തുറമുഖ മന്ത്രി
അപകടത്തിൽപ്പെട്ട 'അറ്റ്‌ലാന്റിക്' ബോട്ട് എല്ലാ ചട്ടങ്ങളും കാറ്റിൽ പറത്തിയാണ് സർവ്വീസ് നടത്തിയത്. അനുവദനീയമായതിൽ കൂടുതൽ പേർ ബോട്ടിൽ ഉണ്ടായിരുന്നു. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ട് രൂപമാറ്റം വരുത്തിയാണ് വിനോദ യാത്രയ്ക്ക് ഉപയോഗിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനെതിരെ മുൻപ് പരാതി നൽകിയിരുന്നുവെങ്കിലും വേണ്ട നടപടികൾ സ്വീകരിച്ചിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. അതിനിടെ, പെരുന്നാൾ ദിവസം ബോട്ടിൽ ആളുകളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം പൊലീസിനെ അറിയിക്കുകയും തുടർന്ന് മണിക്കൂറുകൾ മാത്രം സർവീസ് നിർത്തി വെച്ച് വീണ്ടും പുനഃരാരംഭിക്കുകയായിരുന്നു.

ബോട്ടപകടത്തിൽ 22 പേരാണ് മരിച്ചത്. ഇവരിൽ 15 പേരും കുട്ടികളാണ്. അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാരും മരിച്ചവരിൽ ഉൾപ്പെടുന്നു. കീഴാറ്റൂർ വയങ്കര വീട്ടിൽ അൻഷിദ് (12), അഫ്‌ലഹ് (7), പരിയാപുരം കാട്ടിൽ പീടിയേക്കൽ സിദ്ധിഖ് (41), ഫാത്തിമ മിൻഹ (12), മുഹമ്മദ് ഫൈസാൻ (3), ആനക്കയം മച്ചിങ്ങൽ വീട്ടിൽ ഹാദി ഫാത്തിമ(ആറ്), പരപ്പനങ്ങാടി കുന്നമ്മൽ വീട്ടിൽ ഫാത്തിമ റൈന (എട്ട് മാസം), ഫാത്തി റുസ്ന(7), സഹാറ (8), റസീന(28), ഫിദ ദിൽന(8), ഷംന (17), ഷഹല (12), ഹസ്ന (18), സീനത്ത് (42), ജെൻസിയ (44), ജമീർ (10), നെടുവ മടയംപിലാക്കൽ സബറുദ്ദീൻ (38), നെടുവ വെട്ടിക്കുത്തി വീട്ടിൽ സൈനുൽ ആബിദിന്റെ ഭാര്യ ആയിശ (35), മക്കളായ ആദിൽ ഷെറിൻ (15), മുഹമ്മദി അദ്നാൻ (10), മുഹമ്മദ് അഫഹാൻ (3) എന്നിവരാണ് അപകടത്തിൽ മരിച്ചത്.