Headlines
Loading...
ബേക്കല്‍ കോട്ടയില്‍ ഇനി ലൈറ്റ് ആന്റ് സൗണ്ട് ഷോയും

ബേക്കല്‍ കോട്ടയില്‍ ഇനി ലൈറ്റ് ആന്റ് സൗണ്ട് ഷോയും

കാഞ്ഞങ്ങാട് : ഉത്തര കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് ബേക്കല്‍. നാനൂറ് വര്‍ഷത്തോളം പഴക്കമുള്ള കേരളത്തിലെ ഏറ്റവും വലിയ സംരക്ഷിത സ്മാരകമായ ബേക്കല്‍ കോട്ടയും, കോട്ടയോട് ചേര്‍ന്നുള്ള ബീച്ചും സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുമ്പോള്‍ തന്നെ, പ്രശസ്ത റിസോര്‍ട്ടുകളും നിരവധി ഹോംസ്‌റ്റേകളും ടൂറിസ്റ്റുകള്‍ക്ക് ആതിഥേയത്വം ഒരുക്കുകയും ചെയ്യുന്നു. ദക്ഷിണ കര്‍ണ്ണാടകയുടെയും ഉത്തര കേരളത്തിന്റെയും ചരിത്രത്തില്‍ അതുല്യ സ്ഥാനമുള്ള ബേക്കല്‍ കോട്ടയുടെ ചരിത്രം, ദിവസേന കോട്ട സന്ദര്‍ശിക്കാനെത്തുന്ന നൂറുകണക്കിന് വിനോദ സഞ്ചാരികള്‍ക്കും ചരിത്രാന്വേഷികള്‍ക്കും നൂതന രീതിയിലുള്ള ശബ്ദവെളിച്ച സംവിധാനങ്ങളുടെ പശ്ചാത്തലത്തില്‍ നയനാനന്ദകരമായി അവതരിപ്പിക്കാനുള്ള പദ്ധതിയാണ് 4 കോടി രൂപ ചെലവഴിച്ച് സംസ്ഥാന ടൂറിസം വകുപ്പ് ഒരുക്കിയിരിക്കുന്നത്. ഫ്രഞ്ച് സാങ്കേതിക സംവിധാനമായ ‘സോണ്‍എറ്റ്‌ലുമിയര്‍’ സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കമ്പ്യൂട്ടര്‍ അധിഷ്ഠിത ലേസര്‍ രശ്മികളുടെയും ഓഡിയോവീഡിയോ സജ്ജീകരണങ്ങളുടെയും പശ്ചാത്തലത്തില്‍ കോട്ട കൊത്തളങ്ങളെയും കോട്ടയിലുള്ള വൃക്ഷങ്ങളെയും കഥാപാത്രങ്ങളാക്കിമാറ്റി സന്ധ്യക്ക് ആരംഭിക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ പ്രദര്‍ശനം, സൂര്യാസ്തമയ ശേഷം കോട്ടയില്‍ എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് മുന്നില്‍ ഇന്നാട്ടിന്റെ കഴിഞ്ഞുപോയ നൂറ്റാണ്ടുകളുടെ ചരിത്രവും സംസ്‌കാരവും പാരമ്പര്യവും ജീവിതരീതികളും അനാവരണം ചെയ്യപ്പെടുന്നതോടൊപ്പം, ആകാംഷയും കൗതുകവും ജനിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.  കേന്ദ്ര പുരാവസ്തു വകുപ്പിന്റെ അകമഴിഞ്ഞ സഹായ സഹകരണങ്ങളോടെ നടപ്പിലാക്കുന്ന ഈ പദ്ധതി നാടിന് സമര്‍പ്പിക്കുന്നതോടെ, ബേക്കല്‍ കോട്ട വൈകുന്നേരത്തോടെ അടക്കുന്നു എന്ന ദീര്‍ഘനാളായ പരാതിക്ക് പരിഹാരം ആവുകയും ചെയ്യുകയാണ്.