
പരിശോധനയ്ക്ക് എത്തിയ ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് ഹോട്ടലുടമ; കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: ഹോട്ടലിൽ പരിശോധനയ്ക്ക് എത്തിയ ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഡ്യൂട്ടി തടസപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിനുമാണ് കേസെടുത്തത്. നെടുമങ്ങാട് നസീർ ഹോട്ടൽ ഉടമ നസീറിനെതിരെയാണ് കേസ്. ഇന്നലെയായിരുന്നു സംഭവം. സംഭവത്തിൽ നെടുമങ്ങാട് പൊലീസാണ് കേസെടുത്തത്.ഇന്നലെ നടന്ന പരിശോധനയിൽ ലൈസൻസ് ഇല്ലാതെയാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നത് എന്ന് കണ്ടെത്തി. ഇതോടെ ഹോട്ടൽ ഉടനെ അടച്ചുപൂട്ടാൻ ഉദ്യോഗസ്ഥർ നിർദേശിച്ചു. അടച്ചു പൂട്ടുന്നതിന് മുമ്പ് നോട്ടീസ് നൽകണമെന്ന് ഹോട്ടൽ ഉടമയും ഭാര്യയും ആവശ്യപ്പെട്ടു. ഭക്ഷ്യസുരക്ഷാ ലൈസൻസ് എടുക്കാതെ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് നോട്ടീസ് നൽകാൻ ചട്ടമില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ലൈസൻസ് എടുത്ത ശേഷം ഹോട്ടൽ തുറന്ന് പ്രവർത്തിച്ചാൽ മതിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇതോടെ ഹോട്ടൽ ഉടമയും ഭാര്യയും ജീവനക്കാരും ഉദ്യോഗസ്ഥരുമായി വാക്ക് തർക്കമുണ്ടായി. ഇതിനിടയിൽ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. ഉദ്യോഗസ്ഥർ വിവരം അറിയിച്ചതനുസരിച്ച് പൊലീസ് എത്തുകയും ഹോട്ടൽ പൂട്ടിക്കുകയുമായിരുന്നു. നിയമം നടപ്പിലാക്കുന്ന ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ തടയുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഉദ്യോഗസ്ഥര്‍ക്ക് ഭയരഹിതമായി പരിശോധനകള്‍ നടത്താന്‍ കഴിയണമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് കർശന നിർദേശം നൽകിയിരുന്നു.