
assembly election 2021
തപാൽ വോട്ടിനൊപ്പം പെൻഷൻ വിതരണം: ബാങ്ക് ജീവനക്കാരനെ സസ്‌പെൻഡ് ചെയ്‌തു
കായംകുളം: കായംകുളത്ത് തപാൽ വോട്ടിനിടെ വീട്ടമ്മയ്ക്ക് സാമൂഹിക പെൻഷൻ വിതരണം ചെയ്ത സഹകരണ ബാങ്ക് ജീവനക്കാരനെതിരെ നടപടി. കായംകുളം വില്ലേജ് സഹകരണ ബാങ്ക് ജീവനക്കാരനായ സുഭാഷിനെയാണ് കളക്ടർ സസ്‌പെൻഡ് ചെയ്‌തത്. വാർഡിലെ പെൻഷൻ വിതരണത്തിൽ നിന്ന് മാറ്റി നിറുത്തിയതായി സി.പി.എം നേതാവും ബാങ്ക് പ്രസിഡന്റുമായ പി. ഗാനകുമാർ പറഞ്ഞിരുന്നു. അതേസമയം നടപടിയെടുത്തെങ്കിലും ജീവനക്കാരൻ തെറ്റാന്നും ചെയ്തിട്ടില്ലെന്ന് ബാങ്ക് പ്രസിഡന്റ് ആവർത്തിച്ചു.
കായംകുളം അസംബ്ലി മണ്ഡലത്തിലെ ബൂത്ത് നമ്പർ 77-ലെ തോപ്പിൽ വീട്ടിൽ കമലാക്ഷി അമ്മയുടെ വീട്ടിൽ കഴിഞ്ഞ ദിവസം പോസ്റ്റൽ വോട്ട് രേഖപ്പെടുത്താൻ ഉദ്യോഗസ്ഥർ എത്തിയപ്പോൾ ക്ഷേമ പെൻഷനുമായി കായംകുളം വില്ലേജ് സഹകരണ സംഘത്തിലെ ജീവനക്കാരനും എത്തി. വോട്ടെടുപ്പ് നടപടികൾ പുരോഗമിക്കുന്നതിനിടയിൽ ബാങ്ക് ജീവനക്കാരൻ പെൻഷൻ തുക എണ്ണിത്തിട്ടപ്പെടുത്തി നൽകി. ഇതിന്റെയും പിണറായി സർക്കാരിന് തുടർഭരണം ലഭിച്ചാൽ പെൻഷൻ തുക വർദ്ധിപ്പിക്കുമെന്ന് ജീവനക്കാരൻ പറയുന്നതിന്റെയും വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ യു.ഡി.എഫും എൻ.ഡി.എയും തിരഞ്ഞെടുപ്പ് കമ്മിഷനും കളക്ടർക്കും പരാതി നൽകി. പെൻഷൻ വിതരണം ചെയ്യാനെത്തിയ ആളെ തങ്ങൾക്ക് അറിയില്ലെന്നാണ് പോളിംഗ് ഉദ്യോഗസ്ഥർ പറയുന്നത്. പോളിംഗ് ഉദ്യോഗസ്ഥർ എത്തിയത് അറിയാതെയാണ് ജീവനക്കാരൻ പെൻഷൻ വിതരണത്തിന് എത്തിയതെന്നാണ് ബാങ്കിന്റെ വിശദീകരണം. വോട്ട് ചെയ്യിക്കാൻ എത്തിയവർക്കൊപ്പമാണ് പെൻഷൻ വിതരണം ചെയ്യാൻ എത്തിയവരും വന്നതെന്നാണ് കമലാക്ഷിയമ്മയുടെ കുടുംബം പറയുന്നത്.