
മരിച്ചെന്ന് പറഞ്ഞ് പ്ലാസ്റ്റിക് ബക്കറ്റിലാക്കി കൊടുത്തു ; സംസ്കാര ചടങ്ങുകള്‍ക്കിടെ കുഞ്ഞിക്കൈകള്‍ അനങ്ങി
കുമളി : മരിച്ചെന്നു കരുതി ആശുപത്രിയിൽ നിന്നും കൊടുത്തു വിട്ട ചോരക്കുഞ്ഞ് സംസ്കാര ചടങ്ങുകൾക്കിടെ അനങ്ങി. സങ്കടത്തിലായിരുന്ന വീട്ടുകാർ നോക്കിയപ്പോൾ കുഞ്ഞിന് ജീവന്റെ തുടിപ്പ്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കുട്ടി ഇപ്പോൾ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.
തമിഴ്നാട് പെരിയകുളം സ്വദേശിയായ പിളവൽ രാജിന്റെ ഭാര്യ ആരോഗ്യ മേരി ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് പെൺകുഞ്ഞിനു ജന്മം നൽകിയത്. ഗർഭത്തിന്റെ ആറാം മാസമായിരുന്നു പ്രസവം. 700 ഗ്രാം ആയിരുന്നു കൂട്ടിയുടെ തൂക്കം. രാവിലെ എട്ടരയോടെ ആശുപത്രി അധികൃതർ പിളവൽ രാജിനെ വിളിച്ച് കുട്ടി മരിച്ചു പോയതായി അറിയിച്ചു. മൂടിയുള്ള ഒരു പ്ലാസ്റ്റിക് ബക്കറ്റിലാക്കി കുഞ്ഞിനെ വീട്ടിലേക്കു കൊടുത്തുവിട്ടു.
വീട്ടിലെത്തി കുഞ്ഞിനെ ബക്കറ്റിൽ നിന്നെടുത്തു സംസ്കാര ശുശ്രൂഷയ്ക്കു ശേഷം പെട്ടി അടയ്ക്കാൻ തുടങ്ങുമ്പോഴായിരുന്നു കുഞ്ഞിക്കൈകൾ ചലിച്ചത്. ആശുപത്രിയിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കുമെന്ന് തേനി മെഡിക്കൽ കോളജ് ഡീൻ ഡോ. ബാലാജി നാഥൻ പറഞ്ഞു.