Headlines
Loading...
യാത്രാകൂലിയെച്ചൊല്ലി തർക്കം; കൊല്ലത്ത് ഓട്ടോഡ്രൈവർക്ക് ക്രൂരമർദ്ദനം

യാത്രാകൂലിയെച്ചൊല്ലി തർക്കം; കൊല്ലത്ത് ഓട്ടോഡ്രൈവർക്ക് ക്രൂരമർദ്ദനം

യാത്രാകൂലിയെച്ചൊല്ലിയുള്ള തർക്കത്തിൽ കൊല്ലത്ത് ഓട്ടോഡ്രൈവർക്ക് ക്രൂരമർദ്ദനം. കൊല്ലം അഞ്ചാലുംമൂടിലാണ് സംഭവം. അഞ്ചാലുംമൂട് സ്വദേശി അനിൽകുമാറിനാണ് മർദ്ദനമേറ്റത്. യാത്രക്കാരനായ ബേബിയാണ് അനിൽകുമാറിനെ മർദ്ദിച്ചത്. സംഭവം ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു യുവാവ് കത്തിവീശി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവർക്കെതിരെ പൊലീസ് കേസെടുത്തു.

തൃക്കരൂർ സ്വദേശി ബേബി കാഞ്ഞിരംകുഴിയിലേക്ക് പോകാനാണ് അനിൽകുമാറിൻ്റെ ഓട്ടോയിൽ കയറുന്നത്. തിരികെ അഞ്ചാലുംമൂട്ടിലെത്തിയപ്പോൾ ഓട്ടോകൂലിയായ 50 രൂപ അനിൽകുമാർ ആവശ്യപ്പെട്ടു. എന്നാൽ, തുക കൂടുതലാണെന്ന് ബേബി പറഞ്ഞു. ഇക്കാര്യത്തെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. അതിൻ്റെ പേരിലാണ് മർദ്ദനമുണ്ടായത്. മർദ്ദനം കണ്ട് നാട്ടുകാർ ഇടപെട്ടു. ഇതോടെ അക്രമിക്കൊപ്പമുണ്ടായിരുന്ന മറ്റൊരു യുവാവ് കത്തികാട്ടി നാട്ടുകാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് അക്രമികൾ ഓടി രക്ഷപ്പെട്ടു. അനിൽകുമാർ നൽകിയ പരാതിയിൽ ബേബി, പ്രദീപ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ഇരുവരും ഒളിവിലാണെന്നാണ് വിവരം.