
national
പ്രതികൂല കാലാവസ്ഥയെയും മറികടന്ന് ഭാരത് ജോഡോ യാത്രക്ക് ഉജ്ജ്വല സമാപനം: ജീവിക്കാനാണ് എന്നെ പഠിപ്പിച്ചത്, വെറുക്കുന്നവര്‍ക്ക് എന്റെ തൂവെള്ള ടീ ഷര്‍ട്ട് ചുവപ്പ് കലര്‍ത്താന്‍ അവസരം നല്‍കി': രാഹുല്‍ ഗാന്ധി
ശ്രീനഗര്‍: ജമ്മുകശ്മീരിലൂടെ പദയാത്ര നടത്താന്‍ ഒരു ബിജെപി നേതാവിനും സാധിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. കനത്ത മഞ്ഞുവീഴ്ച്ചക്കിടയിലാണ് രാഹുല്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. ഭയമില്ലാതെ ജീവിക്കാനാണ് രാഷ്ട്രപിതാവ് ഗാന്ധിജിയും തന്റെ കുടുംബവും പഠിപ്പിച്ചതെന്ന് രാഹുല്‍ പറഞ്ഞു. അല്ലാത്തപക്ഷം മരിക്കുന്നതിന് തുല്ല്യമാണ്. ഞാന്‍ പ്രതീക്ഷിച്ചത് പോലെ തന്നെയാണ് സംഭവിച്ചത്. ജമ്മുകശ്മീരിലെ ജനങ്ങള്‍ ഗ്രനേഡ് അല്ല, പകരം സ്‌നേഹം സമ്മാനിച്ചുവെന്നും രാഹുല്‍ പറഞ്ഞു.
'സുരക്ഷാ ജീവനക്കാന്‍ കശ്മീരിലൂടെയുള്ള കാല്‍നടയാത്ര ഒഴിവാക്കി വാഹനത്തില്‍ പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ എന്നെ വെറുക്കുന്നവര്‍ക്ക് എന്റെ തൂവെള്ള ടീ ഷര്‍ട്ട് ചുമപ്പ് നിറം കലര്‍ത്താന്‍ ഞാന്‍ ഒരു അവസരം നല്‍കിയതാണ്.' എന്നാണ് രാഹുലിന്റെ പരാമര്‍ശം.നാല് കുട്ടികള്‍ എന്റെ അടുത്തേക്ക് വന്നു. അവര്‍ യാചകരായിരുന്നു. വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. ഞാന്‍ അവരെ ചേര്‍ത്തുപിടിച്ചു. അവര്‍ തണുത്ത് വിറക്കുന്നുണ്ടായിരുന്നു. ഒരുപക്ഷെ അവര്‍ ഭക്ഷണവും കഴിച്ചിരുന്നിരിക്കില്ല. അവര്‍ക്ക് ധരിക്കാന്‍ സാധിക്കാത്ത ജാക്കറ്റും കമ്പിളിയും ഞാനും ഉപേക്ഷിക്കുകയായിരുന്നു. ഞാന്‍ ഒരു പാട് പഠിച്ചു. വളരെ വേദന അനുഭവപ്പെട്ട ഒരു ദിനം, ആറോ, ഏഴോ മണിക്കൂര്‍ നടക്കുകയെന്നത് വിഷമകരമായിരിക്കുമെന്ന് ഞാന്‍ ആലോചിച്ചു. അപ്പോഴാണ് ഒരു പെണ്‍കുട്ടി എന്റെ അടുത്തേക്ക് ഓടിയെത്തുന്നത്. ചില കാര്യങ്ങള്‍ എഴുതിയ കത്ത് എന്നെ ഏല്‍പ്പിച്ചിട്ട് അവള്‍ ദൂരേക്ക് ഓടിപ്പോയി. അത് ഞാന്‍ തുറന്ന് വായിച്ചു. ആ നിമിഷം എന്റെ വേദന അപ്രത്യക്ഷമായി.
അവള്‍ എഴുതിയത് ഇപ്രകാരമായിരുന്നു;'നിങ്ങളുടെ കാല്‍മുട്ട് വേദനിക്കുന്നത് എനിക്ക് അറിയാം. കാലില്‍ സമ്മര്‍ദം വരുമ്പോള്‍ അതിന്റെ വേദന നിങ്ങളുടെ മുഖത്ത് നിഴലിക്കുന്നുണ്ട്. എനിക്ക് നിങ്ങളോടൊപ്പം നടക്കാന്‍ കഴിയില്ല, പക്ഷേ എന്റെ ഹൃദയം നിങ്ങളൊടൊപ്പമുണ്ട്. കാരണം നിങ്ങള്‍ എനിക്കും എന്റെ ഭാവിക്കും വേണ്ടി കൂടിയാണല്ലോ നടക്കുന്നത്.
'യാത്രയിലുടനീളം ജനം ഒപ്പമുണ്ടായതാണ് തനിക്ക് ഊര്‍ജമായതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യ മുഴുവന്‍ പദയാത്ര നടത്തുന്നത് ഒരു പ്രശ്നമായി തോന്നിയില്ല. ഒട്ടേറെ മനുഷ്യരുടെ അനുഭവങ്ങളിലൂടെ കടന്നുപോയി. എത്രയോ സ്ത്രീകള്‍ കരഞ്ഞുകൊണ്ട് അവരുടെ ജീവിതം വിവരിച്ചുവെന്നും രാഹുല്‍ പറഞ്ഞു. രാഹുലിനെ കൂടാതെ പ്രിയങ്കാ ഗാന്ധി, ജമ്മുകശ്മീരിലെ നേതാക്കളായ ഫറൂഖ് അബ്ദുള്ള, മെഹ്ബൂബ മുഫ്തി തുടങ്ങിയവരും സമാപന സമ്മേളനത്തില്‍ സംസാരിച്ചു.