ന്യൂഡൽഹി: കർണാടക ഡിജിപിയായിരുന്ന പ്രവീൺ സൂദിനെ സിബിഐ ഡയറക്ടറായി നിയമിച്ചു. രണ്ട് വർഷത്തേക്കാണ് നിയമനം. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് പ്രവീൺ സൂദ്. ഇദ്ദേഹത്തിനാണ് ആദ്യം മുതൽ പ്രഥമ പരിഗണന ലഭിച്ചിരുന്നത്. പ്രവീൺ സൂദിന് പുറമെ, മധ്യപ്രദേശ് ഡിജിപി സുധീർ സക്സേന, കേന്ദ്ര ഫയർ സർവീസസ് മേധാവി താജ് ഹസ്സൻ എന്നിവരേയും സിബിഐ തലപ്പത്തേക്ക് പരിഗണിച്ചിരുന്നു. നിലവിലെ സിബിഐ ഡയറക്ടർ സുബോധ് കുമാർ ജയ്സ്വാളിന്റെ കാലാവധി മെയ് 25ന് അവസാനിക്കും.
Also Read -
'ഇത് മോദിയുടെ പരാജയമല്ല, അദ്ദേഹം ദേശീയ നേതാവാണ്'; നളിൻ കാട്ടീൽ രാജിവെക്കില്ലെന്ന് ബസവരാജ് ബൊമ്മെ
അതേസമയം പ്രവീൺ സൂദിന്റെ നിയമനത്തിൽ കർണാടക കോൺഗ്രസ് പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പ്രവീൺ സൂദ് മുൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ സർക്കാരിനെ വഴിവിട്ട് സംരക്ഷിക്കുന്നതായി കോൺഗ്രസ് അദ്ധ്യക്ഷൻ ഡി കെ ശിവകുമാർ ആരോപിച്ചിരുന്നു. കോൺഗ്രസ് നേതാക്കളെ കേസിൽ കുടുക്കുന്ന സംസ്ഥാന പൊലീസ് മേധാവിക്കെതിരെ കേസെടുക്കണമെന്ന് ശിവകുമാർ ആവശ്യപ്പെട്ടിരുന്നു.
ശനിയാഴ്ച വൈകീട്ട് നടന്ന ഉന്നതതല സമിതി യോഗത്തിന് ശേഷമാണ് മൂന്ന് ഉദ്യോഗസ്ഥരുടെ പേരുകളിലെത്തിയത്. നിയമിതനായ സിബിഐ ഡയറക്ടറുടെ കാലാവധി അഞ്ച് വര്‍ഷം വരെ നീട്ടാം. കൂടാതെ പുതിയ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ അംഗം ലോക്പാലിനെ നിയമിക്കുന്നതിനുള്ള സാധ്യതകളും യോഗത്തില്‍ ചര്‍ച്ച ചെയ്തതായി വൃത്തങ്ങള്‍ അറിയിച്ചിരുന്നു.