ഭര്‍ത്താവിന്റെ ദേഹത്ത് ആസിഡൊഴിച്ചു, യുവതിയും കുഞ്ഞും കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: രണ്ടാം ഭർത്താവിനു നേരെ ആസിഡാക്രമണം നടത്തിയ ശേഷം യുവതി മകനുമൊത്ത് കിണറ്റിൽ ചാടി മരിച്ചു. ആറ്റിങ്ങൽ പുളിമാത്ത് ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിൽ കൊടുവഴന്നൂർ, പന്തുവിള മാർക്കറ്റിന് സമീപം സുബിൻ ഭവനിൽ രജിലാലി(45)നു നേരെയാണ് ഭാര്യ ബിന്ദു(40) ആസിഡ് ആക്രമണം നടത്തിയ ശേഷം അഞ്ചു വയസ്സുള്ള മകൻ രജിനുമായി കിണറ്റിൽ ചാടിയത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.
രജിലാലിന്‍റെയും ബിന്ദുവിന്‍റെയും രണ്ടാം വിവാഹമായിരുന്നു. ഇരുവരും തമ്മിൽ കുടുംബ പ്രശ്നങ്ങളുണ്ടെന്നും നാട്ടുകാർ പറയുന്നു. മാത്രമല്ല വീട്ടിൽ വഴക്ക് പതിവാണെന്നും അയൽക്കാർ പറഞ്ഞു.
രജിലാലും ഭാര്യ ബിന്ദുവും മക്കളായ സുബിനും രജിനുമാണ് ഒരുമിച്ചു താമസിക്കുന്നത്. ബിന്ദുവിന്റെ പേരിലുള്ള വസ്തുവിലാണ് ഇവർ കഴിയുന്നത്. കഴിഞ്ഞ ദിവസം രജിലാലിനു നേരെ ആസിഡ് ഒഴിച്ച ശേഷം ബിന്ദു ഇളയ കുട്ടിയുമായി കിണറ്റിൽ ചാടുകയായിരുന്നു.
തുടർന്നു പൊള്ളലേറ്റ് നിൽക്കുന്ന രജിലാലിനെ കണ്ട അയൽവാസികൾ ഉടൻ തന്നെ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. 14 വയസ്സുള്ള മകൻ സുബിനാണ് കൂടുതൽ കാര്യങ്ങൾ നാട്ടുകാരോട് പറഞ്ഞത്. തുടർന്നു ഫയർ ഫോഴ്സ് എത്തി കിണറ്റിൽ നിന്ന് യുവതിയെയും മകനെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നഗരൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. ബിന്ദുവിന്റെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെയും കുട്ടിയുടെയും മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ആസിഡാക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ രജിലാൽ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐ സി യുവിൽ ചികിത്സയിലാണ്. സംഭവത്തിൽ നഗരൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. കെട്ടിടനിര്‍മാണ തൊഴിലാളിയാണ് രജിലാല്‍.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530 )