🔳ഓണാഘോഷത്തെ തുടര്‍ന്ന് കേരളത്തില്‍ കേസുകള്‍ വര്‍ധിച്ച സാഹചര്യം ചൂണ്ടിക്കാട്ടി കൂടിച്ചേരലുകള്‍ ഉണ്ടായാല്‍ രോഗവ്യാപനം ഉണ്ടാകുമെന്നും മറ്റു സംസ്ഥാനങ്ങള്‍ ഇതൊരു പാഠമായി സ്വീകരിക്കണമെന്നുമാണ് കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ ഏറ്റവും മോശമായ പ്രതിരോധപ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടെന്ന വാര്‍ത്തയെ നിരാകരിച്ചുകൊണ്ട് കെ.കെ.ശൈലജ
🔳കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് വീഴ്ച പറ്റിയെന്ന കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്റെ വിലയിരുത്തല്‍ സംസ്ഥാനത്തിന്റെ യഥാര്‍ഥ ചിത്രം പ്രതിഫലിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
🔳കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ വര്‍ധന്റേത് തരം താണ രാഷ്ട്രീയമെന്ന് ആഞ്ഞടിച്ച് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ഡയറക്ടര്‍ ഡോ മുഹമ്മദ് അഷീല്‍ രംഗത്ത്. ഹര്‍ഷ വര്‍ധന്‍ എന്ന രാഷ്ട്രീയക്കാരന് എന്തും പറയാം, കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയാണെങ്കില്‍ കൃത്യമായി പഠിച്ചിട്ട് വേണം കാര്യങ്ങള്‍ പറയാനെന്നും അഷീല്‍.
🔳ഡോളര്‍ കടത്തുകേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനിരിക്കെ മുന്‍ ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതില്‍ ഒത്തുകളി സംശയിച്ച് കസ്റ്റംസ്. ജാമ്യത്തിന് കോടതിയെ സമീപിക്കാനുള്ള സാവകാശമാണ് ആശുപത്രിവാസത്തിലൂടെ നേടുന്നതെന്നാണ് കേന്ദ്ര ഏജന്‍സികളുടെ നിഗമനം.
🔳നയതന്ത്ര ബാഗേജ് വഴിയുള്ള കള്ളക്കടത്തിന് കോണ്‍സുലേറ്റ് ജീവനക്കാര്‍ കോഡ് ഭാഷ ഉപയോഗിച്ചിരുന്നതായി ശിവശങ്കറിന്റെ വെളിപ്പെടുത്തല്‍. 'കോണ്‍സുല്‍ ഈസ് ഈറ്റിങ് മാംഗോസ്' എന്നായിരുന്നു കോഡ് ഭാഷയെന്ന് സ്വപ്ന പറഞ്ഞതായി ശിവശങ്കര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി.
🔳ഡി.ആര്‍.ഡി.ഒ. വികസിപ്പിച്ച ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഇന്ത്യയുടെ തദ്ദേശ നിര്‍മിത യുദ്ധക്കപ്പല്‍ ഐ.എന്‍.എസ്. ചെന്നൈയില്‍നിന്നായിരുന്നു വിക്ഷേപണം.
🔳സംസ്ഥാനത്ത് ഇന്നലെ 58,404 സാമ്പിളുകളുകള്‍ പരിശോധിച്ചതില്‍ 7631 പേര്‍ക്ക് കോവിഡ്-19. 22 മരണങ്ങളാണ് ഇന്നലെ സ്ഥിരീകരിച്ചത്.
ഇതോടെ ആകെ മരണം 1161 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 160 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6685 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 723 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 63 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8410 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
🔳രോഗം സ്ഥിരീകച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ :മലപ്പുറം 1399, കോഴിക്കോട് 976, തൃശൂര്‍ 862, എറണാകുളം 730, തിരുവനന്തപുരം 685, കൊല്ലം 540, കോട്ടയം 514, കണ്ണൂര്‍ 462, ആലപ്പുഴ 385, പാലക്കാട് 342, കാസര്‍ഗോഡ് 251, പത്തനംതിട്ട 179, ഇടുക്കി 162, വയനാട് 144.
🔳ഇന്നലെ കോവിഡ് മൂലം മരണമടഞ്ഞവരുടെ വിവരങ്ങള്‍ : തിരുവനന്തപുരം നാലാഞ്ചറ സ്വദേശി ഗോപാലകൃഷ്ണന്‍ (62), പള്ളിത്തുറ സ്വദേശിനി ത്രേസ്യാമ്മ (82), ആനയറ സ്വദേശിനി സരോജം (63), തിരുവനന്തപുരം സ്വദേശിനി ബീമ, ആലപ്പുഴ തലവടി സ്വദേശി സെബാസ്റ്റ്യന്‍ (84), എറണാകുളം വട്ടത്തറ സ്വദേശിനി അഗ്‌നസ് (73), ചിറ്റൂര്‍ സ്വദേശിനി അമൂല്യ (16), മൂപ്പതടം സ്വദേശി അഷ്റഫ് (56), പനങ്ങാട് സ്വദേശി ബാലകൃഷ്ണന്‍ (84), തൃശൂര്‍ ഒല്ലൂക്കര സ്വദേശി രാധാ ഭാസ്‌കരന്‍ (75), തൃശൂര്‍ സ്വദേശിനി പാറുക്കുട്ടി (83), പാലക്കട് കൊണ്ടൂര്‍കര സ്വദേശി അലാവി (63), മാതൂര്‍ സ്വദേശി ഇബ്രാഹിം കുട്ടി (83), വേമ്പടി സ്വദേശി മുഹമ്മദ് റാഫി (54), പുതുനഗരം സ്വദേശി മുജീബ് റഹ്മാന്‍ (47), ഒറ്റപ്പാലം സ്വദേശിനി നബീസ (75), ഒറ്റപ്പാലം സ്വദേശി സുന്ദരന്‍ (62), മലപ്പുറം താനൂര്‍ സ്വദേശിനി കദീജബീവി (75), പരിയപുരം സ്വദേശി മൂസ (74), പള്ളിക്കല്‍ സ്വദേശിനി ഉമ്മാതുകുട്ടി (73), കോഴിക്കോട് കൊളത്തറ സ്വദേശിനി ഷഹര്‍ബാനു (44), കൊളത്തറ സ്വദേശിനി സൗമിനി (65) എന്നിവരാണ് മരണമടഞ്ഞത്.
🔳സംസ്ഥാനത്ത് ഇന്നലെ 12 പുതിയ ഹോട്ട് സ്പോട്ടുകള്‍. 8 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 637 ഹോട്ട് സ്പോട്ടുകള്‍.
🔳ശബരിമല ദര്‍ശനത്തിന് എത്തിയ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട് സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലയ്ക്കലില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇദ്ദേഹം കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.
🔳ബി.ജെ.പി. നിര്‍ദേശിക്കുന്നതുപോലെയാണ് അന്വേഷണ എജന്‍സികള്‍ പ്രവര്‍ത്തിക്കുകയെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ പരസ്യപ്പെടുത്തല്‍, അവയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന് തെളിവാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ്. സങ്കുചിത രാഷ്ട്രീയലക്ഷ്യം മുന്‍നിര്‍ത്തി അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്നത് ഫെഡറല്‍ തത്ത്വങ്ങള്‍ക്കും ജനാധിപത്യത്തിനും നേരെയുള്ള വെല്ലുവിളിയാണെന്നും സി.പി.എം. കുറ്റപ്പെടുത്തി.
🔳ജനാധിപത്യം ഏറ്റവും ദുര്‍ഘടമായ സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരും സംസ്ഥാന ചുമതലയുളള നേതാക്കളും പങ്കെടുത്ത യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
🔳മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരി അയച്ച കത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പരാമര്‍ശത്തോടെ അവസാനിച്ചുവെന്ന് ശിവസേന. രാജ്യത്തെ ആഭ്യന്തരമന്ത്രി വിഷയത്തില്‍ ഉത്തരവാദിത്വത്തോടെയും ശ്രദ്ധയോടെയുമാണ് പ്രതികരിച്ചതെന്ന് സേനാ വക്താവ് സഞ്ജയ് റാവത്ത്.
🔳അത്താഴവിരുന്നിന് മുട്ടക്കറി പാചകം ചെയ്യാത്തതിന് യുവാവ് സുഹൃത്തിനെ അടിച്ചുകൊന്നു. നാഗ്പുരിലെ മങ്കാപുരിലായിരുന്നു സംഭവം. കേസില്‍ പ്രതിയായ ഗൗരവ് ഗെയ്ക്ക് വാദിനെ പോലീസ് അറസ്റ്റ് ചെയ്തു.
🔳കരിമ്പ് തോട്ടങ്ങളില്‍ ജോലിക്കിറങ്ങുന്ന കര്‍ഷകര്‍ ഹെല്‍മെറ്റും നെക്ക്പാഡും ധരിക്കണമെന്ന നിര്‍ദേശവുമായി യുപി വനംവകുപ്പ്. പുള്ളിപ്പുലിയുടെ ആക്രമണത്തില്‍നിന്ന് രക്ഷനേടാനാണിത്. ബിജ്നോറിലെയും സമീപ ജില്ലകളിലെയും കര്‍ഷകര്‍ക്കാണ് വനംവകുപ്പ് അധികൃതര്‍ ഈ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
🔳യു.പിയില്‍ ദളിത് യുവതിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതി.കാണ്‍പുര്‍ ദേഹത് ജില്ലയില്‍ ഒരാഴ്ച മുമ്പാണ് സംഭവം നടന്നത്.
🔳സൗദിയിലെ കിഴക്കന്‍ പ്രവിശ്യയായ ദമ്മാമില്‍ അല്‍ക്കോബാര്‍ റാക്കയില്‍ കാര്‍ പാര്‍ക്കിങ് ഇടിഞ്ഞു വീണു. അല്‍ സഈദ് ടവറിന്റെ കാര്‍ പാര്‍ക്കിങ്ങാണ് ഇടിഞ്ഞു വീണത്. നൂറുകണക്കിന് വാഹനങ്ങള്‍ തകര്‍ന്നതായാണ് പ്രാഥമിക വിവരം.
🔳തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുകഴിഞ്ഞാല്‍ താന്‍ ഒരുപക്ഷേ രാജ്യം വിടേണ്ടിവന്നേക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപ് പറഞ്ഞതില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്ന് വാക്കുനല്‍കാമോ എന്നുചോദിച്ച് ജോ ബൈഡനും.
🔳ശീതീകരിച്ച ഭക്ഷണ പാക്കറ്റിനു മുകളില്‍ സജീവ കൊറോണവൈറസിനെ കണ്ടെത്തിയെന്ന് ചൈനീസ് ആരോഗ്യവകുപ്പ്. ലോകത്ത് ഇതാദ്യമായാണ് ഭക്ഷണ പാക്കറ്റിനു പുറത്ത് സജീവമായതും ഒറ്റപ്പെട്ടുനില്‍ക്കുന്നതുമായ കൊറോണ വൈറസ് സാന്നിധ്യം തിരിച്ചറിയുന്നതെന്ന് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വ്യക്തമാക്കി.
🔳കോവിഡ് 19 മരുന്നുകളും ചികിത്സകളുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശം താല്ക്കാലികമായി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ലോക വ്യാപാര സംഘടനയ്ക്ക് മുന്നില്‍ വെച്ച നിര്‍ദേശത്തെ യുഎസ് ഉള്‍പ്പടെയുളള രാജ്യങ്ങള്‍ പിന്തുണച്ചില്ല. കോവിഡ് വാക്സിനുകള്‍, ചികിത്സകള്‍, പരിശോധനകള്‍ എന്നിവ മിതമായ നിരക്കില്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ നിര്‍ദ്ദേശത്തെ ലോകാരോഗ്യസംഘടന നേരത്തെ സ്വാഗതം ചെയ്തിരുന്നു.
🔳ഇന്ത്യയില്‍ കോവിഡ് ബാധിച്ച് ഇന്നലെ 577 മരണം. 55,511 പേര്‍കൂടി രോഗികളായി. ഇതുവരെ 1,14,642 പേര്‍ മരിച്ചു. 75.48 ലക്ഷം പേരാണു രോഗബാധിതരായത്. 7.72 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. 66.59 ലക്ഷം പേര്‍ രോഗമുക്തരായി.
🔳മഹാരാഷ്ട്രയില്‍ ഇന്നലെ 160 കോവിഡ് മരണം. 9,060 പേര്‍ രോഗികളാകുകയും ചെയ്തു. കര്‍ണാടകത്തില്‍ 7,012 പേരും തമിഴ്നാട്ടില്‍ 3,914 പേരും ആന്ധ്രയില്‍ 2,977 പേരും പുതുതായി രോഗികളായി.
🔳ആഗോളതലത്തില്‍ കോവിഡ് രോഗികളുടെ എണ്ണം നാല് കോടി കവിഞ്ഞു. ലോകത്ത് ഇന്നലെ കോവിഡ് ബാധിച്ച് 3,899 പേര്‍കൂടി മരിച്ചു. 3,20,572 പേര്‍ കൂടി രോഗികളായി. ഇതുവരെ 11,18,095 പേര്‍ മരിക്കുകയും 4.02 കോടി പേര്‍ രോഗബാധിതരാകുകയും ചെയ്തു. അമേരിക്കയില്‍ ഇന്നലെ 446 പേരും ബ്രസീലില്‍ 215 പേരും മെക്‌സിക്കോയില്‍ 355 പേരും മരിച്ചു.
🔳സാമൂഹിക അകലം അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കൊല്‍ക്കത്ത ക്ലബ്ബ് മോഹന്‍ ബഗാന്‍ സംഘടിപ്പിച്ച ഐ ലീഗ് ട്രോഫി പരേഡ് വിവാദത്തില്‍. കൊല്‍ക്കത്തന്‍ തെരുവുകളില്‍ സാമൂഹിക അകലം പാലിക്കാതെ ആയിരക്കണക്കിന് ആരാധകരാണ് ട്രോഫി പരേഡിനായി റോഡിലിറങ്ങിയത്.
🔳ഐപിഎല്ലില്‍ ഇന്നലെ സൂപ്പര്‍ സണ്‍ഡെ. ഇന്നലെ നടന്ന രണ്ടു മത്സരങ്ങളും സൂപ്പര്‍ ഓവറുകളിലാണ് വിജയിയെ നിശ്ചയിച്ചത്. കൊല്‍ക്കത്ത ഹൈദരാബാദ് മത്സരത്തില്‍ കൊല്‍ക്കത്ത സൂപ്പര്‍ ഓവറില്‍ വിജയിച്ചതിന്റെ ആവേശം കെട്ടൊടുങ്ങും മുമ്പ് ആരംഭിച്ച മുംബൈ പഞ്ചാബ് മത്സരം ഇരട്ട സൂപ്പര്‍ ഓവറിലേക്ക് നീങ്ങി ചരിത്രത്തില്‍ ഇടം പിടിച്ചു. ആവേശ കൊടുമുടി കണ്ട ഈ മത്സരത്തില്‍ പഞ്ചാബാണ് ജയം നേടിയത്.
🔳ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ ലോക്കി ഫെര്‍ഗൂസന്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്തു. സൂപ്പര്‍ ഓവര്‍ വരെ നീണ്ട ആവേശം നിറഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി. 163 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്സ് നിശ്ചിത ഓവറില്‍ ഇതേ സ്‌കോര്‍ എടുത്തതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. ഫെര്‍ഗൂസന്‍ എറിഞ്ഞ സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് വെറും രണ്ട് റണ്‍സ് മാത്രമാണ് എടുത്തത്. ഇത് കൊല്‍ക്കത്ത അനായാസം മറികടന്നു.
🔳ഇരട്ട സൂപ്പര്‍ ഓവറിലേക്ക് നീണ്ട ഐ.പി.എല്‍ ചരിത്രത്തിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് കിങ്സ് ഇലവന്‍ പഞ്ചാബ്.
നിശ്വിത ഓവര്‍ മത്സരവും ആദ്യ സൂപ്പര്‍ ഓവറും ടൈ ആയതോടെയാണ് രണ്ടാം സൂപ്പര്‍ ഓവറില്‍ വിജയികളെ നിര്‍ണയിച്ചത്. രണ്ടാം സൂപ്പര്‍ ഓവറില്‍ മുംബൈ ഉയര്‍ത്തിയ 12 റണ്‍സ് വിജയലക്ഷ്യം രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കെ ക്രിസ് ഗെയ്ലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് മറികടന്നു.നേരത്തെ ആദ്യ സൂപ്പര്‍ ഓവറില്‍ പഞ്ചാബ് ഉയര്‍ത്തിയ ആറു റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് അഞ്ചു റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.നിശ്ചിത ഓവറില്‍ മുംബൈ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് ഇന്നിങ്സ് 176-ല്‍ അവസാനിച്ചതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്.
🔳5 കിലോമീറ്ററിനു 30 രൂപ ഡെലിവറി ചാര്‍ജ് ഈടാക്കി സപ്ലൈകോ, അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ വസ്തുക്കളുടെ ഓണ്‍ലൈന്‍ കച്ചവടം തുടങ്ങി. കോവിഡ് കാലത്തു സാധനം വാങ്ങാനുള്ള പ്രയാസം പരിഗണിച്ചാണു പദ്ധതി. കോഴിക്കോട്, തൃശൂര്‍, എറണാകുളം, കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലായി സപ്ലൈകോ മാള്‍ അടക്കം 21 വില്‍പനശാലകളില്‍ നിന്നാണ് ആദ്യഘട്ടം ആരംഭിച്ചത്. കമ്പനികളുടെ ആപ്പില്‍ സപ്ലൈകോ വിലയ്ക്കു സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. 5 കിലോമീറ്ററിനു മുകളിലേക്കുള്ള സര്‍വീസിന് ഓരോ കിലോമീറ്ററിനും നിശ്ചിത തുക ഈടാക്കാമെങ്കിലും പരമാവധി 60 രൂപയേ ഈടാക്കാവൂ എന്നാണു വ്യവസ്ഥ.
🔳സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്ക് ഓഫ് ബറോഡ അടുത്ത നാല് മുതല്‍ അഞ്ച് വരെയുള്ള വര്‍ഷത്തെ കാലയളവിനുള്ളില്‍ പകുതിയോളം വരുന്ന ജീവനക്കാരെ ബാങ്ക് ഓഫ് ബറോഡയുടെ ശാഖകളില്‍ നിന്നും ബാക്കിയുള്ളവരെ വീട്ടില്‍ നിന്നും ജോലി ചെയ്യുന്ന രീതിയിലേക്ക് മാറ്റാനുള്ള നിര്‍ദ്ദേശം പരിഗണിക്കുന്നു. ബാങ്ക് ഓഫ് ബറോഡയുടെ ശാഖകളില്‍ 50 ശതമാനം ജീവനക്കാര്‍ മാത്രമെ മുഴുവന്‍ സമയം ജോലി ചെയ്യുകയുള്ളൂവെന്നും, ബാക്കിയുള്ളവര്‍ വീട്ടിലിരുന്ന് ജോലി ചെയ്യുമെന്നും ( വര്‍ക്ക് ഫ്രം ഹോം ) ബാങ്ക് ഓഫ് ബറോഡ ചീഫ് എക്സിക്യൂട്ടീവ് സഞ്ജീവ് ഛദ്ദ അറിയിച്ചു.
🔳സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും നായിക-നായകന്‍മാരായി എത്തുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍-മഹത്തായ ഭാരതീയ അടുക്കള എന്നാണ്. സൂരജ് എസ് കുറുപ്പ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ബറോസ് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റത്തിനൊരുങ്ങുകയാണ് മോഹന്‍ലാല്‍. ത്രീ ഡിയില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് ശിവന്‍ നിര്‍വഹിക്കുമെന്ന് അദ്ദേഹം തന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ട് വഴി പുറത്ത് വിട്ടു. ജിജോ നവോദയയുടെതാണ് തിരക്കഥ. വിസ്മയ മോഹന്‍ലാല്‍ അസിസ്റ്റന്റ് ഡയറക്ടറായി ഈ സിനിമയിലൂടെ അരങ്ങേറ്റം കുറിക്കും എന്നതും ഒരു പ്രത്യേകതയാണ്. ലിഡിയന്‍ നാദസ്വരമാണ് ബറോസിനുവേണ്ടി സംഗീതം ഒരുക്കുന്നത്.
🔳യൂറോപ്പിന്റെ അജ്ഞാതമായ ദേശങ്ങളിലെ ലാവണ്ടറുകള്‍ പൂത്തുനില്‍ക്കുന്ന ഗ്രാമവഴികളിലൂടെ യാത്ര പോകുന്ന ഹരിത സാവിത്രിയുടെ ഈ പുസ്തകം മലയാള വായനക്കാരന് നല്‍കുന്നത് പുതുമകള്‍ നിറഞ്ഞ അനുഭൂതികളാണ്. ഈ ഭൂലോകത്തെമ്പാടും വിഷാദവും ഏകാന്തതയും ദാരിദ്ര്യവും നിറഞ്ഞ മനുഷ്യരുണ്ടെന്നും മനുഷ്യജീവിതം എവിടെയും ഒന്നുതന്നെയാണെന്നും എഴുത്തുകാരി നമ്മോടു പറയുന്നു. 'മുറിവേറ്റവരുടെ പാതകള്‍'. ഗ്രീന്‍ ബുക്‌സ്. വില 190 രൂപ.
🔳ഇന്ത്യയിലെ ഇരുചക്ര വാഹന നിര്‍മാതാക്കളില്‍ മുന്‍നിര താരമായ ബജാജിന്റെ പള്‍സര്‍ ശ്രേണിയിലെ കുഞ്ഞന്‍ പതിപ്പ് പള്‍സര്‍ 125 പുതിയ ഭാവത്തില്‍ അവതരിപ്പിച്ചു. സ്പ്ലിറ്റ് സീറ്റിലും ഡ്രം ബ്രേക്ക് സംവിധാനത്തിലുമെത്തിയ ഈ ബൈക്കിന് 73,274 രൂപയാണ് ഡല്‍ഹിയിലെ എക്സ്ഷോറും വില. മുമ്പെത്തിയ ഡിസ്‌ക് ബ്രേക്ക് പതിപ്പിന് 80,218 രൂപയായിരുന്നു വില.
🔳സമ്മര്‍ദ്ദം, വിശ്രമമില്ലാതെ ജോലിചെയ്യുക, സൈനസ് പ്രശ്‌നങ്ങള്‍, മൈഗ്രേയ്ന്‍, ഉറക്കക്കുറവ്, ശരീരത്തിലെ ജലാംശം കുറയുക തുടങ്ങിയവയാണ് തലവേദനയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങള്‍. ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന തലവേദനയുടെ മുഖ്യകാരണങ്ങളിലൊന്നാണ് മൈഗ്രേയ്ന്‍. സ്ത്രീകളിലാണ് മൈഗ്രേയ്ന്‍ തലവേദന കൂടുതലായി കാണപ്പെടുന്നത്. ആര്‍ത്തവകാലത്ത് മൈഗ്രേയ്ന്‍ കൂടുതലായി അനുഭവപ്പെട്ടെന്നുവരാം. എന്നാല്‍ ഗര്‍ഭകാലത്തും, ആര്‍ത്തവവിരാമം എത്തുമ്പോഴും മൈഗ്രേയ്ന്‍ കാഠിന്യം കുറഞ്ഞുവരികയാണ് ചെയ്യുന്നത്. ശരീരത്തിലെ ജലാംശം കുറഞ്ഞുപോകുന്ന അവസ്ഥ തലവേദനയ്ക്ക് കാരണമാകും. ആവശ്യത്തിന് വെളളം കുടിച്ച് ശരീരത്തിലെ ജലാംശത്തിന്റെ അളവ് കൂട്ടുകയാണ് വേണ്ടത്. ഇലക്ട്രോലൈറ്റുകള്‍ അടങ്ങിയ കരിക്കിന്‍ വെളളം പോലുളള പാനീയങ്ങള്‍ കഴിക്കുന്നതും തലവേദന കുറയ്ക്കാന്‍ സഹായിക്കും. ഐസ് നിറച്ച പ്ലാസ്റ്റിക് പായ്ക്ക് നെറ്റിയില്‍ വയ്ക്കുന്നതാണ് തലവേദന അകറ്റാന്‍ മറ്റൊരു മാര്‍ഗം. ഇതുവഴി നെറ്റിയിലേക്കുളള രക്തപ്രവാഹം വര്‍ദ്ധിക്കുന്നു. മാനസിക സംഘര്‍ഷം കൊണ്ടും സൈനസ് കൊണ്ടും ഉണ്ടാകുന്ന തലവേദന ശമിപ്പിക്കാന്‍ ഉത്തമമാര്‍ഗമാണിത്. തലവേദന അകറ്റാന്‍ ഏറ്റവും മികച്ചതാണ് ചെറുനാരങ്ങ. ശരീരത്തിലെ ആസിഡ് ആല്‍ക്കലൈന്‍ അനുപാതം നിലനിര്‍ത്താന്‍ നാരങ്ങ കൊണ്ട് കഴിയും. മാത്രമല്ല ശരീരത്തേയും മനസ്സിനേയും റിലാക്‌സ് ചെയിക്കാനും ഉന്മേഷമുളളതാക്കാനും ചെറുനാരങ്ങയ്ക്ക് കഴിവുണ്ട്. ഒരു ഗ്ലാസ് ചൂടുവെളളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ച് കുടിക്കുക. ഗ്യാസ് കൊണ്ടും മറ്റുമുണ്ടാകുന്ന തലവേദന മാറി കിട്ടും. തലവേദന അകറ്റാനും ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും ഇഞ്ചി ഏറെ നല്ലതാണ്. തലയിലെ രക്തക്കുഴലുകളെ റിലാക്‌സ് ചെയ്യാന്‍ ഇഞ്ചി സഹായിക്കും. ഇഞ്ചി ചേര്‍ത്ത ചായ ഒരു ദിവസം മൂന്ന് തവണ കഴിക്കുന്നത് നല്ലതാണ്. തലവേദനയ്ക്ക് മികച്ചതാണ് കറുവപ്പട്ട വെള്ളം. തിളച്ച വെള്ളത്തില്‍ അല്‍പം കറുവപ്പട്ട ചേര്‍ത്ത് കുടിക്കുന്നത് തലവേദന കുറയ്ക്കാനും ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും സഹായിക്കും.
ശുഭദിനം
കവിത കണ്ണൻ
1950കള്‍. മദര്‍ തേരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി എന്ന സംഘടന സ്ഥാപിതമായിട്ട് കുറച്ചു നാളുകളേ ആയിട്ടുള്ളൂ. ഒരിക്കല്‍ മദര്‍ തെരേസ കൊല്‍ക്കത്തയിലെ ഒരു വ്യാപരിയുടെ അടുക്കല്‍ ചെന്ന് തന്റെ പ്രവര്‍ത്തങ്ങള്‍ക്കു സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചു കൈനീട്ടി. അയാള്‍ ദേഷ്യപ്പെട്ടു നീട്ടിപ്പിടിച്ച മദറിന്റെ കയ്യില്‍ തുപ്പി. മദര്‍ പുഞ്ചിരിച്ചുകൊണ്ട് തൂവാല ഉപയോഗിച്ച് കൈതുടച്ചു. എന്നിട്ടു പറഞ്ഞു: ' എനിക്കുള്ളതു നിങ്ങള്‍ തന്നു. ഞാനതു സ്വീകരിച്ചു. ഇനി കഷ്ടപ്പെടുന്ന, നിരാശ്രയരായ എന്റെ സഹോദരങ്ങള്‍ക്കുള്ളതു കൂടി തന്നാലും!' വ്യാപാരിയുടെ തല കുനിഞ്ഞു. ഇത്തരമൊരു പ്രതികരണം അദ്ദേഹമൊരിക്കലും പ്രതീക്ഷിച്ചില്ല. അയാള്‍ ക്ഷമാപണം നടത്തി. സഹായം നല്‍കി. മാത്രമല്ല, പിന്നീടു അദ്ദേഹത്തിന്റെ മരണം വരെ ഈ സഹായം തുടര്‍ന്നുകൊണ്ടിരുന്നു. വാക്കിനേക്കാള്‍ പ്രാധാന്യം പ്രവര്‍ത്തിക്കാണ്. സ്‌നേഹത്തെക്കുറിച്ചും കരുണയെക്കുറിച്ചുമെല്ലാം ഹൃദ്യമായും വാചാലമായും പറയാന്‍ എളുപ്പമാണ്. അത് പ്രവര്‍ത്തിയില്‍ കൊണ്ടുവരിക അത്രയെളുപ്പമല്ല. ശക്തികൊണ്ട് സാധിക്കാത്തത് പലതും ആര്‍ദ്രമായ മനസ്സിനു സാധിക്കുമെന്ന് മദര്‍ തന്റെ ജീവിതം കൊണ്ട് കാണിച്ചുകൊടുത്തു. ആര്‍ദ്രത ഒരു വാക്കില്‍ പരിമിതപ്പെടുത്താവുന്നതല്ല. പ്രവര്‍ത്തിയിലാണ് അത് പ്രകടിതമാകേണ്ടത്. മനുഷ്യബന്ധങ്ങളെ ദൃഢപ്പെടുത്തുന്നതിനും സ്‌നേഹത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ആര്‍ദ്രതയ്ക്ക് കഴിവുണ്ട്. ആദ്രതയെ നമ്മില്‍ വളര്‍ത്തിയെടുക്കാനും ലഭിക്കുന്ന അവസരങ്ങളിലെല്ലാം ആര്‍ദ്രത പ്രകടമാക്കാനും നമുക്ക് സാധിക്കട്ടെ - ശുഭദിനം