ആൻമേരിയെ കൊന്നത് സ്വത്ത് തട്ടിയെടുത്ത് കാമുകിയെ വിവാഹം ചെയ്യാൻ: ഡിവൈഎസ്പി
ഈമാസം അഞ്ചിനാണ് ബളാൽ അരിങ്കല്ലിലെ ഓലിക്കൽ ബെന്നിയുടെ മകൾ ആൻമേരി മരിയ മരിച്ചത്. ഐസ്ക്രീമിൽ എലിവിഷം ചേർത്തുനൽകി സഹോദരൻ ആൽബിൻ ആനിനെ കൊലപ്പെടുത്തുകയായിരുന്നു. മാതാപിതാക്കൾ ഉൾപ്പെടെ 3 പേർക്കാണ് ഐസ്ക്രീമിൽ എലിവിഷം ചേർത്തു നൽകിയത്. കഴിഞ്ഞ 31ന് വീട്ടിലുണ്ടാക്കിയ ഐസ്ക്രീം ആൽബിൻ ഒഴികെ മറ്റെല്ലാവരും കഴിച്ചു. തുടർന്ന് അവശനിലയിലായ ആൻ മരിയക്ക് മഞ്ഞപ്പിത്തമാണെന്നു കരുതി നാടൻ ചികിത്സ നൽകി. സ്ഥിതി ഗുരുതരമായപ്പോൾ 5ന് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ആൻ അന്നു തന്നെ മരിച്ചു. പിന്നാലെ ബെന്നിയെയും ബെസിയെയും ഛർദിയെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാക്കി.
പരിശോധനയിൽ രക്തത്തിൽ എലിവിഷത്തിന്റ അംശം കണ്ടെത്തി. അസ്വാസ്ഥ്യമുണ്ടെന്ന് അഭിനയിച്ച് എത്തിയ ആൽബിന്റെ രക്തത്തിൽ വിഷാംശം കണ്ടെത്തിയതുമില്ല. ആൻ മരിയയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും വിഷസാന്നിധ്യമാണ് മരണകാരണമായി ഉണ്ടായിരുന്നത്. തുടർന്ന് പൊലീസ് വീട്ടിലെത്തി ഐസ്ക്രീം ഉൾപ്പെടെയുള്ളവ ശേഖരിച്ച് പരിശോധന നടത്തി. പിന്നീടുള്ള പരിശോധനയിലാണ് ആൽബിൻ അറസ്റ്റിലായത്. ആഴ്ചകൾക്ക് മുൻപ് കറിയിൽ വിഷം ചേർത്തു നൽകാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടർന്ന് ഐസ്ക്രീമിൽ കലർത്തുകയായിരുന്നു.