Headlines
Loading...
ഐഎഎസ് നിയമനങ്ങളിലെ കേന്ദ്ര ഇടപെടല്‍; ഫെഡറല്‍ സംവിധാനത്തിന് വിരുദ്ധം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

ഐഎഎസ് നിയമനങ്ങളിലെ കേന്ദ്ര ഇടപെടല്‍; ഫെഡറല്‍ സംവിധാനത്തിന് വിരുദ്ധം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

അഖിലേന്ത്യാ സര്‍വീസുകളുടെ ഡെപ്യൂട്ടേഷന്‍ ചട്ടങ്ങളിലെ നിര്‍ദിഷ്ട ഭേദഗതകള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.ഇത് നടപ്പായാല്‍ സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പിലാക്കാന്‍ അഖിലേന്ത്യാ സര്‍വീസ് ഓഫീസര്‍മാരില്‍ ഭയപ്പാടും വിമുഖതയും ഉടലെടുക്കുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.''കേന്ദ്രത്തിലെ ഭരണകക്ഷിയ്ക്ക് എതിരെ നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരുകളെ ഇതു ദോഷകരമായി ബാധിക്കും. നിലവിലെ ഡെപ്യൂട്ടേഷന്‍ ചട്ടങ്ങള്‍ തന്നെ കേന്ദ്ര സര്‍ക്കാരിന് വളരെയധികം മുന്‍തൂക്കം നല്‍കുന്ന ഒന്നാണ്. അതേ ദിശയില്‍ ഇനിയും നീങ്ങുകയാണെങ്കില്‍ ഫെഡറലിസത്തിന്റെ അടിത്തറ തീര്‍ത്തും ദുര്‍ബലമാകും.''

ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ സംവിധാനത്തിനു കീഴില്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും തുല്യ പ്രാധാന്യമാണുള്ളത്. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളും വീക്ഷണങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ സംഘടനകളാല്‍ രൂപീകരിക്കപ്പെടുന്നവയാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ എന്നത് ഫെഡറലിസത്തെ ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതിനു വിഘാതമാകരുത്. ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നു പ്രവര്‍ത്തിക്കാന്‍ ഏവരും പ്രതിജ്ഞാബദ്ധരാണെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

ഐഎഎസ് ഉദ്യോഗസ്ഥരെ എപ്പോള്‍ വേണമെങ്കിലും കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് മാറ്റാന്‍ അധികാരം നല്‍കുന്നതാണ് ചട്ടഭേദഗതി. ഐഎഎസ് ഉദ്യോഗസ്ഥരുടെ സര്‍വീസ് ചട്ടങ്ങളിലെ ഭേഗദതിയെ സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളും ചൊവ്വാഴ്ചക്കു മുന്‍പ് അഭിപ്രായം അറിയിക്കാനാണ് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ നിര്‍ദേശത്തിന് എതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പുറമെ എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളും രംഗത്ത് എത്തിയിരുന്നു. ബിഹാര്‍, മധ്യപ്രദേശ്, മേഘാലയ തുടങ്ങി ബിജെപി- എന്‍ഡിഎ ഭരണ സംസ്ഥാനങ്ങളും കേന്ദ്ര നീക്കത്തോട് വിയോജിച്ചിരുന്നു.ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും വിഷയത്തില്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു.