Headlines
Loading...
സ്വർണ്ണക്കടത്ത് കേസ് പുതിയ വഴിത്തിരിവിലേക്ക്: സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ച മൂന്ന് പേർ എന്‍ഐഎയുടെ കസ്റ്റഡിയിൽ

സ്വർണ്ണക്കടത്ത് കേസ് പുതിയ വഴിത്തിരിവിലേക്ക്: സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ച മൂന്ന് പേർ എന്‍ഐഎയുടെ കസ്റ്റഡിയിൽ

ചെന്നൈ: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയ കേസ് പുതിയ വഴിത്തിരിവിലെന്ന് സൂചന. കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ മൂന്നു പേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. അനധികൃതമായി എത്തിച്ച സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ച മൂന്ന് പേരാണ് കസ്റ്റഡിയിലായത്. ട്രിച്ചിയില്‍ നിന്നുളള ഏജന്റുമാരാണ് ഇവര്‍. കള്ളക്കടത്തിന് നിക്ഷേപകരെ കണ്ടെത്താനും സ്വര്‍ണം വില്‍ക്കാനും തിരുച്ചിറപ്പള്ളി കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണവ്യാപാരികളുമായി ഈ മൂന്നു ഏജന്റുമാര്‍ ബന്ധപ്പെട്ടിരുന്നതായാണ് എന്‍ഐഎ സംഘത്തിന്റെ വിലയിരുത്തല്‍. പിടിയിലായ മൂന്ന് പേരേയും ചൈന്നൈയില്‍ എത്തിച്ചതായാണ് റിപ്പോര്‍ട്ട്.

ഇന്നലെ വൈകുന്നേരത്തോടെയാണ് മൂന്നു പേരെയും എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ തിരുച്ചിറപ്പള്ളിയിലെ രണ്ട് സ്വര്‍ണ്ണക്കടകളിലെത്തി എന്‍ഐഎ സംഘം പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മൂന്നുപേരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

അതേസമയം, ഡിഐജി കെ ബി വന്ദനയുടെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയില്‍ എത്തി മുന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തുന്നുണ്ട്. ഇത്തരത്തില്‍ അനധികൃതമായി സ്വര്‍ണ്ണം തമിഴ്നാട്ടിലെ വിവിധയിടങ്ങളില്‍ എത്തിച്ച്‌ വില്‍പന നടത്തിയതിന് മുമ്ബ് പിടിയിലായവരെക്കുറിച്ച്‌ വിവരങ്ങള്‍ തേടുകയാണ് ലക്ഷ്യം.