covid update
രാജ്യത്ത് ആഞ്ഞടിച്ച് കോവിഡ് രണ്ടാം തരംഗം; കേസുകളിൽ റെക്കോർഡ് വർധന
കോവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധന്റെ അധ്യക്ഷതയിൽ മന്ത്രിതല യോഗം ഇന്ന് ചേരും. രാവിലെ 10.30 നാണ് യോഗം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും വാക്‌സീൻ വിതരണവും യോഗത്തിൽ ചർച്ചയാകും. അതേസമയം പ്രതിദിന കേസുകളുടെ എണ്ണം ഇന്നും ഒന്നെകാൽ ലക്ഷത്തിന് അടുത്തെത്തിയേക്കും. ഡൽഹിയിൽ കോവിഡ് കേസുകളിൽ റെക്കോർഡ് വർധന. 24 മണിക്കൂറിനിടെ 7,437 കേസുകളാണ് സ്ഥിരീകരിച്ചത്. 24 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കോവിഡ് വർധിക്കുന്ന പശ്ചാത്തലത്തിൽ ഡൽഹി എയിംസിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മഹാരാഷ്ട്രയിൽ 56,286 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. യു. പിയിൽ കേസുകൾ കുത്തനെ ഉയർന്നു. 8,474 പേർക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ബെംഗളൂരു ഉള്‍പ്പെടെ കര്‍ണാടകയിലെ പ്രധാന നഗരങ്ങളില്‍ നാളെ മുതല്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു.