പാറശ്ശാല: അതിർത്തിപ്രദേശത്തെ പ്രധാന പച്ചക്കറി മാർക്കറ്റായ കളിയിക്കാവിള ചന്തയിൽ തിങ്കളാഴ്ച രാവിലെയെത്തിയ ചെറുകിട കച്ചവടക്കാർ പച്ചക്കറിവില കേട്ട് ഞെട്ടി. കഴിഞ്ഞയാഴ്ച കിലോയ്ക്ക് 15 രൂപ മാത്രം വിലയുണ്ടായിരുന്ന വെണ്ടയ്ക്കക്ക് തിങ്കളാഴ്ച 60 രൂപയായി. വെള്ളരിക്കയുടെ വില കിലോയ്ക്ക് 80 രൂപ മുതൽ മുകളിലോട്ടായി. തക്കാളിക്ക് 60, ബീൻസിന് 90. കളിയിക്കാവിള ചന്തയിൽ, കഴിഞ്ഞ ദിവസത്തെയപേക്ഷിച്ച് പച്ചക്കറികൾക്ക് അഞ്ചിരട്ടിയിലേറെ വിലക്കൂടുതലാണുണ്ടായത്. രണ്ടാഴ്ചയായി തമിഴ്‌നാട്ടിലെ കാർഷികഗ്രാമങ്ങളിലടക്കം തുടർച്ചയായി പെയ്യുന്ന മഴ മൂലം കൃഷിയിടങ്ങൾ വെള്ളത്തിലായതോടെയാണ് പച്ചക്കറിവില കുതിച്ചുയർന്നത്. സംസ്ഥാനത്തേക്കും അതിർത്തിപ്രദേശത്തെ ചെറുകിട വില്പനശാലകളിലേക്കും പച്ചക്കറികൾ എത്തിക്കുന്നത് കളിയിക്കാവിള, മാർത്താണ്ഡം ചന്തകളിൽനിന്നാണ്. ചില്ലറവില്പന വിലയിൽനിന്ന് എട്ടു രൂപ വരെ കുറച്ചാണ് ചില്ലറവില്പനക്കാർക്ക് മൊത്തവിതരണക്കാർ പച്ചക്കറി നൽകുന്നത്. അതിർത്തിപ്രദേശത്തെ ചന്തകളിലേക്ക് പച്ചക്കറികളെത്തുന്ന നാഗർകോവിൽ, കാവൽകിണർ, തിരുനെൽവേലി, ഒട്ടംചത്രം എന്നിവിടങ്ങളിൽ പച്ചക്കറികളുടെ വരവിൽ കുറവുണ്ടായതിനെ തുടർന്നാണ് വില വർദ്ധനയുണ്ടാതെന്നാണ് കച്ചവടക്കാർ പറയുന്നത്.
തുടർച്ചയായ മഴ മൂലം കേരളത്തിലും പച്ചക്കറിയുത്പാദനം കുറഞ്ഞു. കേരളത്തിൽ വ്യാപകമായി കൃഷിചെയ്തു വരുന്ന വെണ്ടയ്ക്ക, വെള്ളരിക്ക, പടവലം എന്നിവയുടെ വില ഇപ്പോൾ ക്രമാതീതമായി വർദ്ധിക്കുന്നത് ഇവയുടെ ആഭ്യന്തര ഉല്പാദനം നിലച്ചതുകൊണ്ടാണ്.