Kottayam
യുവതി അയൽ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റിൽ മരിച്ച നിലയില്‍; ദുരൂഹതയെന്ന് ബന്ധുക്കൾ
കോട്ടയം: പാലായിൽ (Pala) യുവതിയെ ഉപയോഗശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ (Found Dead) കണ്ടെത്തി. തോടനാൽ ഇലവനാൽ തൊടുകയിൽ രാജേഷിന്റെ ഭാര്യ ദൃശ്യ (28)യെയാണ് ഭർതൃവീടിന് സമീപത്തെ പുരയിടത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ട്. തീ കൊളുത്തിയശേഷം കിണറ്റിൽ ചാടുകയായിരുന്നെന്ന് കരുതുന്നതായി പൊലീസ് (Police) പറഞ്ഞു.
നാലു വർഷം മുൻപായിരുന്നു ദൃശ്യയുടെ വിവാഹം. ഇവർക്ക് കുട്ടികളില്ല. സോഷ്യൽമീഡിയ അമിതമായി ഉപയോഗിക്കുന്നതിനെ ഭർതൃ വീട്ടുകാർ ചോദ്യം ചെയ്തിരുന്നതായി പൊലീസ് പറയുന്നു. ഏലപ്പാറ ചിന്നാർ സ്വദേശിയായ ദൃശ്യ കഴിഞ്ഞയാഴ്ച വീട്ടിൽ പോയിരുന്നു. തിരികെ വരുമ്പോൾ ബന്ധുക്കളെ കൂട്ടണമെന്ന് ഭർതൃവീട്ടുകാർ ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു.
തിങ്കളാഴ്ച ദൃശ്യ തനിച്ചാണ് മടങ്ങിയെത്തിയത്. പിന്നാലെ ഭർത്താവിന്റെ വീട്ടുകാർ ദൃശ്യയുടെ കുടുംബാംഗങ്ങളെ അന്നു തന്നെ വിളിച്ചുവരുത്തി. ഇരുവീട്ടുകാരും തമ്മിൽ ചർച്ച നടത്തിയ ശേഷമാണ് ബന്ധുക്കൾ മടങ്ങിയത്. ഇതിനിടെ അയൽവാസിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെത്തുടർന്ന് ഭർതൃപിതാവ് അവിടെ പോയി. 2.30നു തിരികെ വരുമ്പോഴാണ് ദൃശ്യയെ കാണാനില്ലെന്ന് അറിയുന്നത്. തുടർന്നു പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ അയൽവാസിയുടെ പുരയിടത്തിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.