Headlines
Loading...
തിരുവനന്തപുരം ജില്ലാ ആശുപത്രിയില്‍ വീണാ ജോര്‍ജിന്റെ മിന്നല്‍ പരിശോധന; വീഴ്ച്ചകള്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദ്ദേശം

തിരുവനന്തപുരം ജില്ലാ ആശുപത്രിയില്‍ വീണാ ജോര്‍ജിന്റെ മിന്നല്‍ പരിശോധന; വീഴ്ച്ചകള്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദ്ദേശം

തിരുവനന്തപുരം ജില്ലാ ആശുപത്രിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെ മിന്നല്‍ പരിശോധന. ഒ പി വിഭാഗത്തിലടക്കം ഡ്യൂട്ടിയില്‍ ഡോക്ടര്‍മാര്‍ ഇല്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. ഗുരുതര വീഴ്ച്ചകള്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയ മന്ത്രി കര്‍ശന നടപടികള്‍ക്ക് നിര്‍ദേശം നല്‍കി.രാവിലെ എട്ടരയോടെയാണ് ആശുപത്രിയുടെ പ്രവര്‍ത്തനം നേരില്‍ക്കണ്ട് വിലയിരുത്താന്‍ മന്ത്രി വീണ ജോര്‍ജ് പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ മിന്നല്‍ പരിശോധന നടത്തിയത്. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വാഹനത്തിലാണ് മന്ത്രി എത്തിയത്. രണ്ട് മണിക്കൂറോളം ആശുപത്രിയില്‍ ചിലവഴിച്ച് നടത്തിയ പരിശോധനയില്‍ ഡ്യൂട്ടിയില്‍ ഡോക്ടര്‍മാര്‍ ഇല്ലെന്നത് ഉള്‍പ്പെടെ നിരവധി വീഴ്ചകള്‍ കണ്ടെത്തി.

രാവിലെ തിരക്കുള്ള സമയത്ത് മെഡിസിന്‍ ഒ പിയില്‍ ധാരാളം രോഗികള്‍ കാത്തിരുന്നെങ്കിലും ഡോക്ടര്‍മാര്‍ ഇല്ലായിരുന്നു. ഓര്‍ത്തോ വിഭാഗത്തിലും സമാന അവസ്ഥയായിരുന്നു. ഒ പി ഡോക്ടര്‍മാര്‍ റൗണ്ട്‌സിലാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് വാര്‍ഡുകളിലെത്തി പരിശോധിച്ചെങ്കിലും വാര്‍ഡുകളില്‍ റൗണ്ട്‌സ് കൃത്യമായി നടക്കുന്നില്ലെന്നും കണ്ടെത്തി. തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ഹാജര്‍ പരിശോധിച്ച മന്ത്രി കര്‍ശന നടപടിക്ക് വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

ജീവനക്കാരുടെ കുറവ് മൂലം ഒപി കൗണ്ടറുകളുടെയും ഇസിജി റൂമുകളുടെയും പ്രവര്‍ത്തനം ഏ്കദേശം നിലച്ച അവസ്ഥയിലാണ്. ഇത് പരിഹരിച്ച് പ്രവര്‍ത്തനം പൂര്‍ണ തോതിലാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ആശുപത്രിയില്‍ നിന്ന് ചികിത്സാ ആനുകൂല്യം ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ട രോഗിക്ക് രേഖകള്‍ പരിശോധിച്ച് ആനുകൂല്യം ഉറപ്പാക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു. ആശുപത്രിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി.