Headlines
Loading...
മുല്ലപ്പെരിയാർ മരം മുറി: മന്ത്രിയുടെ വാദങ്ങള്‍ പൊളിച്ച് ബെന്നിച്ചന്റെ വിശദീകരണം, ടി കെ ജോസ് ഒന്നല്ല മുന്നുയോഗം വിളിച്ചു

മുല്ലപ്പെരിയാർ മരം മുറി: മന്ത്രിയുടെ വാദങ്ങള്‍ പൊളിച്ച് ബെന്നിച്ചന്റെ വിശദീകരണം, ടി കെ ജോസ് ഒന്നല്ല മുന്നുയോഗം വിളിച്ചു

മുല്ലപ്പെരിയാറിലെ മരം മുറി അനുമതിക്ക് ജലവിഭവ വകുപ്പ് നടത്തിയ നീക്കങ്ങൾ എണ്ണിപ്പറഞ്ഞ് ബെന്നിച്ചൻ തോമസ്. മരങ്ങള്‍ മുറിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്ന് യോഗങ്ങള്‍ ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിളിച്ചിരുന്നുവെന്ന് ബെന്നിച്ചന്‍ തോമസ് സര്‍ക്കാരിന് നല്‍കിയ വിശദീകരണ കുറിപ്പില്‍ പറയുന്നു. 

മന്ത്രി റോഷി അഗസ്റ്റിൻ്റെ വാദങ്ങൾ കൂടുതൽ ദുർബലമാക്കുന്നതാണ് രേഖകൾ സഹിതമുള്ള വിശദീകരണ കുറുപ്പ്.
മരം മുറി, ഡാം സൈറ്റിലേക്കുള്ള റോഡിന്‍റെ അറ്റകുറ്റപ്പണികള്‍ എന്നിവയുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ് വിളിച്ചതായി ബെന്നിച്ചന്‍ തോമസ് പറയുന്ന മൂന്നു യോഗങ്ങൾ.

ആദ്യയോഗം: സെപ്തംബര്‍ 15 ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ. രണ്ടാം യോഗം17 ന് സെക്രട്ടേറിയറ്റ് അനക്സ് രണ്ടിലെ കോണ്‍ഫറന്‍സ് ഹാളില്‍. അന്തര്‍ സംസ്ഥാന സെക്രട്ടറി തല ഉദ്യോഗസ്ഥരുടെ യോഗമായിരുന്നു ഇത്. ടി കെ ജോസ് തന്നെയായിരുന്നു ആ യോഗത്തിന്റെയും അധ്യക്ഷൻ. ഈ യോഗത്തിലാണ് മരം മുറക്കാന്‍ അനുമതി നല്‍കാനുള്ള ധാരണ രൂപം കൊണ്ടതെന്നാണ് വിവരം.പിന്നീട് ഒക്ടോബര് 26 ന് ടി കെ ജോസ് തന്നെ ഫോണില്‍ വിളിച്ചെന്നും സുപ്രിംകോടതിയിലെ വാദത്തിൽ വനംവകുപ്പ് മരം മുറിക്കാനുള്ള അനുമതി നൽകാത്തതിൽ തമിഴ്‌നാട് സമ്മർദ്ദം ചെലുത്തുന്നുവെന്നും അറിയിച്ചതായി ബെന്നിച്ചന്‍ തോമസ് പറയുന്നു.

നിയമപരമായി അനുവദിക്കാമെങ്കിൽ മരങ്ങൾ മുറിക്കുന്നതിനുള്ള അനുമതി വേഗത്തിലാക്കാൻ അഭ്യർഥിച്ചെന്നുമാണ് വാദം. തുടര്‍ന്ന് നവംബര്‍ ഒന്നിന് താനും വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായി അദ്ദേഹത്തിന്‍റെ ചേംബറില്‍ കൂടിക്കാഴ്ച നടത്തിയെന്നും ബെന്നിച്ചൻ അവകാശപ്പെടുന്നു.

അപ്പോഴും ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മരം വെട്ടേണ്ടതിന്റെ ആവശ്യകത ആവര്‍ത്തിക്കുകയും അതുകാരണം സുപ്രിംകോടതയിലെ കേസില്‍ ശരിയായി വാദിക്കാന്‍ കഴിയുമെന്ന് അറിയിക്കുകയും ചെയ്തു. ഇക്കാര്യങ്ങള്‍ നിലനില്‍ക്കെ തന്നെ വള്ളക്കടവിൽ നിന്ന് ഡാമിലേക്കുള്ള റോഡ് നിർമാണത്തിന് അനുമതി ലഭിച്ചാൽ മാത്രമേ നിർമാണ സാമഗ്രികൾ എത്തിക്കാൻ തമിഴ്നാടിന് കഴിയൂ എന്നും വിശദീകരണത്തില്‍ ബെന്നിച്ചന്‍ തോമസ് പറയുന്നു.