national
കനത്ത മഴ; ചെന്നൈ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങുന്നത് നിര്‍ത്തിവെച്ചു
ശക്തമായ കാറ്റും മഴയും കാരണം ചെന്നൈ വിമാനത്താവളത്തില്‍ വിമാനമിറക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. വൈകീട്ട് ആറ് മണി വരെയാണ് വിമാനങ്ങള്‍ ഇറക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുളളത്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് വിലക്കേര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ശക്തമായ മഴയെ തുടര്‍ന്ന് ഏകദേശം പതിനാല് പേര്‍ മരിച്ചു എന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ്‌നാട്ടിലെ ചെന്നൈ, കാഞ്ചീപുരം, വില്ലുപുരം, ചെങ്കല്‍പട്ടു, തിരുവല്ലൂര്‍, എന്നീ ജില്ലകളില്‍ മഴ രൂക്ഷമാണ്. അടുത്ത മണിക്കൂറിനുളളില്‍ മഴ ശക്തമാകാനും 45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടിട്ടുളള ന്യൂനമര്‍ദമാണ് തമിഴ്‌നാട്ടിലെ കനത്ത മഴക്ക് കാരണം.
തുടര്‍ച്ചയായി നാലാം ദിവസവും ചെന്നൈയിലും മറ്റ് ജില്ലകളിലും സ്‌കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും വീട് വിട്ട് പുറത്ത് പോകരുതെന്ന് ഗ്രേറ്റര്‍ ചെന്നൈ കമ്മീഷണര്‍ ഗഗന്‍ദീപ് സിങ് ബേദി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങള്‍ മറികടക്കുന്നതിനായി എല്ലാ തരം മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വ്യക്തമാക്കി. അതേസമയം വിമാനത്താവളത്തില്‍ നിന്നുളള പുറപ്പെടലുകള്‍ നേരത്തെ ഷെഡ്യൂള്‍ ചെയ്ത പോലെ നടക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.