Headlines
Loading...
പകുതിയിലും കുറഞ്ഞ നിരക്കിൽ ഈ മാസം എക്സ്പോ ടിക്കറ്റ്

പകുതിയിലും കുറഞ്ഞ നിരക്കിൽ ഈ മാസം എക്സ്പോ ടിക്കറ്റ്

ദുബായ് ∙ എക്സ്പോ കാണാൻ ഈ മാസം ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ പകുതിയിലും കുറഞ്ഞനിരക്കിൽ ടിക്കറ്റ് ലഭിക്കും. ഒരു ദിവസത്തേക്കുള്ള 95 ദിർഹത്തിന്റെ ടിക്കറ്റിന് 30 വരെ 45 ദിർഹം നൽകിയാൽ മതി.

വെള്ളിയും ശനിയും മുഴുവൻ തുകയും നൽകണമെന്നു സംഘാടകർ വ്യക്തമാക്കി. ടിക്കറ്റുകൾ കൗണ്ടറുകളിൽ നിന്നു നേരിട്ടോ ഓൺലൈനിലോ വാങ്ങാം. സൈറ്റ്: www.expo2020dubai.com. 18 വയസ്സിൽ താഴെയുള്ളവർ, 60 വയസ്സ് കഴിഞ്ഞവർ, ലോകത്തെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഐഡിയുള്ള വിദ്യാർഥികൾ, പ്രത്യേക പരിചരണം ആവശ്യമുള്ളവർ എന്നിവർക്ക്  പ്രവേശനം സൗജന്യമാണ്.

കുട്ടികളുടെയും പ്രത്യേക പരിചരണം ആവശ്യമായവരുടെയും സഹായത്തിന് ഒപ്പമുള്ളയാൾ പകുതി തുക നൽകിയാൽ മതി. 30 ദിവസത്തേക്കുള്ള ടിക്കറ്റിന് 195 ദിർഹവും 6 മാസത്തേക്കുള്ള പാസിന് 495 ആണ് നിരക്ക്. 950 ദിർഹത്തിന്റെ പാക്കേജിൽ മാതാപിതാക്കളും വീട്ടു ജോലിക്കാരിയും ഉൾപ്പെടെയുള്ള കുടുംബത്തിന് സന്ദർശനം നടത്താം. ഇവർക്ക് എക്സ്പോ ഭക്ഷണശാലകളിൽ ഇളവുമുണ്ടാകും. മാസ്റ്റർ കാർഡ് ഉപയോഗിക്കുന്നവർക്ക് 25% ഇളവ് ലഭിക്കും.

എക്സ്പോ പാസ്പോർട്ട് സ്വന്തമാക്കാൻ തിരക്ക്
ദുബായ്: സന്ദർശിക്കുന്ന പവിലിയനുകളുടെ മുദ്ര പതിക്കാനുള്ള എക്സ്പോ പാസ്പോർട്ട് സ്വന്തമാക്കുന്നവരുടെ എണ്ണത്തിൽ വൻവർധന. എക്സ്പോ തുടങ്ങിയ കഴിഞ്ഞമാസം ഒന്നുമുതൽ ഇതുവരെ 7 ലക്ഷത്തിലേറെ പാസ്പോർട്ടുകളാണ് വിതരണം ചെയ്തത്. 50 പേജുള്ള പാസ്പോർട്ടിന് 20 ദിർഹമാണ് നിരക്ക്.

സാധാരണ പാസ്പോർട്ടിന്റെ മാതൃകയിലുള്ള ഈ ബുക്‌ലറ്റിൽ ഓരോ പവിലിയനിൽ നിന്നും സീൽ പതിക്കാം. എക്സ്പോ കഴിയുമ്പോഴേക്കും ലോകം മുഴുവൻ സഞ്ചരിച്ച അനുഭവങ്ങൾ സമ്മാനിക്കുന്ന പാസ്പോർട്ടിന്റെ ഉടമയാകാം.

പരമാവധി പവിലിയനുകളിലെത്താൻ സന്ദർശകരെ പ്രോത്സാഹിപ്പിക്കാൻ കൂടി ലക്ഷ്യമിട്ടാണിത്. 1967ൽ മോൺട്രിയോൾ എക്സ്പോയിലാണ് ഈ പാസ്പോർട്ട് ആദ്യമായി അവതരിപ്പിച്ചത്.