Headlines
Loading...
കാസർകോട് ജില്ലയിൽ സീപ്ലെയ്ൻ ഇറങ്ങാൻ 3 പുഴകൾ പരിഗണനയിൽ

കാസർകോട് ജില്ലയിൽ സീപ്ലെയ്ൻ ഇറങ്ങാൻ 3 പുഴകൾ പരിഗണനയിൽ


കാസർകോട് ∙ ജലവിമാനം (സീപ്ലെയ്ൻ) പറന്നിറങ്ങുന്നതിനുള്ള വാട്ടർ ഡ്രോം സ്ഥാപിക്കുന്നതിന് ജില്ലയിലെ 3 പുഴകൾ പരിഗണനാ ലിസ്റ്റിൽ. ബേക്കൽ ടൂറിസം വികസനത്തിനു വേണ്ടി ജില്ലയിൽ അനുവദിക്കുന്ന പദ്ധതിയിൽ തേജസ്വിനി, ചിത്താരി, ബേക്കൽ എന്നീ പുഴകളിലൊന്നിലാവും സീപ്ലെയ്നുകൾ പറന്നിറങ്ങാനും ഉയരാനുമുള്ള വിമാനത്താവളമായ വാട്ടർ ഡ്രോം സ്ഥാപിക്കുക.  ഇതു സംബന്ധിച്ച് അനൗദ്യോഗിക ചർച്ചകൾ ബിആർഡിസിയുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. നേരത്തേ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ നടപ്പാക്കാനുദ്ദേശിച്ച സീപ്ലെയ്ൻ പദ്ധതിയുടെ വാട്ടർ ഡ്രോം സ്ഥാപിച്ചത് തേജസ്വിനി പുഴയിൽ കോട്ടപ്പുറം പഴയ ബോട്ട് ടെർമിനലിനു സമീപത്തായിരുന്നു. പിന്നീട് ഇത് മുടങ്ങി സജീകരണങ്ങൾ നശിച്ചു.

പുഴകളിലെ ജലനിരപ്പ് മാനദണ്ഡമാകും
നേരത്തേ സീപ്ലെയ്ൻ പദ്ധതിയുടെ വാട്ടർ ഡ്രോം സ്ഥാപിച്ച കോട്ടപ്പുറത്തു തന്നെയാണ് പദ്ധതിക്ക് സാധ്യത അൽപം കൂടുതൽ. എന്നാൽ പഞ്ചനക്ഷത്ര റിസോർട്ടുകളിലേക്കുള്ള ടൂറിസ്റ്റുകളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ എന്നതിനാൽ ഈ റിസോർട്ടുകളോട് സാമീപ്യമുള്ള സ്ഥലങ്ങളാണ് ഗുണകരം എന്ന അഭിപ്രായമുണ്ട്. ഇതു പ്രകാരമാണ് ചിത്താരി, ബേക്കൽ പുഴകളിൽ വാട്ടർ ഡ്രോം സ്ഥാപിക്കുന്ന കാര്യം പരിശോധിക്കുന്നത്. 

അതേ സമയം ഈ പുഴകളിൽ ജലനിരപ്പും ഒഴുക്കും പല സമയത്ത് പല രീതിയിലാണ് എന്നത് വെല്ലുവിളിയാവുമോ എന്നതും പരിശോധിക്കണം. ഇതിനു വ്യക്തമായ സാങ്കേതിക പഠനം ആവശ്യമാണെന്നും അതിനു ശേഷമേ അന്തിമ തീരുമാനങ്ങളാവുകയുള്ളു എന്നും ബിആർഡിസി എംഡി ഷിജിൻ പറമ്പത്ത് പറഞ്ഞു. പുഴയിലെ ചെളിയുടെ സ്ഥിതിയും പരിശോധിക്കും.

പഞ്ചനക്ഷത്ര റിസോർട്ടുകളുടെ സഹകരണം
ബേക്കൽ ടൂറിസം പദ്ധതിയുടെ വികസനമാണ് സീപ്ലെയ്ൻ പദ്ധതി കാസർകോട്ട് വരുമ്പോൾ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ പ്രധാന ഡെസ്റ്റിനേഷൻ വെഡ്ഡിങ് ലൊക്കേഷനായി വളരുന്ന ബേക്കലിന് സീപ്ലെയ്ൻ പദ്ധതി  ഗുണകരമാവുമെന്നാണ് പ്രതീക്ഷ. ബേക്കൽ ടൂറിസം പദ്ധതിയുടെ ഗൂണഭോക്തൃപഞ്ചായത്തുകൾ ചെമ്മനാട്, ഉദുമ, പള്ളിക്കര, അജാനൂർ എന്നിവയാണ്. ഇതിൽ ഉദുമ പ‍ഞ്ചായത്ത് കേന്ദ്രീകരിച്ചാണ് 3 പഞ്ചനക്ഷത്ര റിസോർട്ടുകളും പ്രവർത്തിക്കുന്നത്.

നീലേശ്വരം കോട്ടപ്പുറത്ത് വാട്ടർ ഡ്രോം സ്ഥാപിച്ചാൽ ഇവിടെ ഇറങ്ങുന്ന ടൂറിസ്റ്റുകൾ പിന്നീട് റോഡ് വഴി ഏറെ ദൂരം സഞ്ചരിച്ചു വേണം റിസോർട്ടുകളിലെത്താൻ. ഇത് ഒഴിവാക്കാനാവും എന്നതാണ് ബേക്കൽ പുഴയോ ചിത്താരി പുഴയോ വാട്ടർ‌ ഡ്രോം സ്ഥാപിക്കുന്നതിന് തിരഞ്ഞെടുത്താലുള്ള പ്രയോജനം. സീപ്ലെയ്ൻ പദ്ധതി കാസർകോട് വരുന്നതിനെ ബേക്കലിലെ പഞ്ചനക്ഷത്ര റിസോർട്ടുകൾ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. പദ്ധതിയിൽ ഈ റിസോർട്ടുകളുടെ നിക്ഷേപം ലഭ്യമാക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.

എയർപോർട്ടിലേക്ക് ബേക്കലിന്റെ  കണക്ടിവിറ്റി കൂടും
സമീപത്തെ മംഗളൂരു, കണ്ണൂർ, മൈസൂരു തുടങ്ങിയ വലിയ വിമാനത്താവളങ്ങളിൽ വന്നിറങ്ങുന്നവർക്ക് സീപ്ലെയ്നിൽ കയറി ബേക്കൽ ഡെസ്റ്റിനേഷനിലേക്ക് എളുപ്പത്തിൽ എത്താം എന്നതാണ് പദ്ധതിയുടെ ആകർഷണീയത. സമീപ പ്രദേശമായ കൂർഗിനും ഇതൊരു നേട്ടമാക്കി മാറ്റാവുന്നതാണ്. കണ്ണൂർ, മംഗളൂരു എയർപോർട്ടുകളിൽ വിമാനമിറങ്ങിയ വ്യക്തി റോഡിലൂടെ വരുമ്പോൾ എടുക്കുന്ന സമയത്തിന്റെ വളരെ ചെറിയൊരു ശതമാനം സമയമേ സീ പ്ലെയ്ൻ ഉപയോഗപ്പെടുത്തിയാൽ ആവശ്യമായി വരികയുള്ളു. ബേക്കലിൽ ആഡംബര വിവാഹങ്ങൾക്ക് കോടികൾ ചെലവഴിക്കുന്നവർക്ക് സീ പ്ലെയ്നിന്റെ ചാർജ് ഒരു പ്രശ്നമാവില്ല എന്നാണ് കരുതുന്നത്. ധാരാളം ചാർട്ടേഡ് വിമാനങ്ങളെത്തുന്ന ഗോവ വിമാനത്താവളവുമായും ബേക്കലിലെ ഭാവിയിൽ ബന്ധിപ്പിക്കാനുള്ള സാധ്യത പരിശോധിക്കാവുന്നതാണ്.

കോട്ടപ്പുറത്തെ സീപ്ലെയ്ൻ വാട്ടർഡ്രോമിന്  എന്തു സംഭവിച്ചു?
മുൻപ് ഉമ്മൻ ചാണ്ടി സർക്കാർ കോട്ടപ്പുറം ഹൗസ്ബോട്ട് ടെർമിനലിനു സമീപത്താണ് ജ വിമാനം ഇറങ്ങാനുള്ള വാട്ടർ ഡ്രോം സ്ഥാപിച്ചത്. ജല പ്രതലത്തിൽ ട്രാക്ക് മാർക്ക് ചെയ്ത് നീണ്ടു കിടക്കുന്നതും രാത്രിയിൽ സോളർ പ്രകാശത്താൽ തിളങ്ങുന്നതുമായ സംവിധാനം, വെള്ളത്തിൽ പൊങ്ങി നിൽക്കുന്ന ബോയകൾ,  കരയ്ക്കും വെള്ളത്തിനും ഇടയിൽ ഫ്ലോട്ടിങ് ബോട്ട് ജെട്ടി പോലെയുള്ള ഒരു പ്ലാറ്റ്ഫോം, ബിആർഡിസിയുടെ പഴയ ഹൗസ്ബോട്ട് ടെർമിനലിനകത്ത് സ്ഥാപിച്ച സ്കാനിങ് മെഷീൻ തുടങ്ങിയ സംവിധാനങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്.

പദ്ധതി ഉപേക്ഷിച്ചതോടെ സ്കാനിങ് മെഷീൻ കേരള ടൂറിസം ഡവലപ്മെന്റ് കോർപറേഷനും(കെടിഡിസി) ഫ്ലോട്ടിങ്  ബോട്ട് ജെട്ടി കാസർകോട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനു(ഡിടിപിസി) നൽകാനും ടൂറിസം വകുപ്പ് തീരുമാനിച്ചു. സ്കാനിങ് മെഷീൻ കെടിഡി,സി മംഗളൂരുവിലെ റിസോർട്ടിലേക്ക് കൊണ്ടുപോയി. ഡിടിപിസിക്കു ലഭിച്ച ഫ്ലോട്ടിങ് പ്ലാറ്റ്ഫോം ഉപയോഗിച്ച് ബേക്കൽ പുഴയിൽ ഫ്ലോട്ടിങ് റസ്റ്ററന്റ് സ്ഥാപിച്ചു