Headlines
Loading...
വാക്‌സിനെടുക്കാന്‍ ഇന്നും വന്‍തിരക്ക്; ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്‍ ആശയക്കുഴപ്പം, വാക്കുതര്‍ക്കം

വാക്‌സിനെടുക്കാന്‍ ഇന്നും വന്‍തിരക്ക്; ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്‍ ആശയക്കുഴപ്പം, വാക്കുതര്‍ക്കം

തിരുവനന്തപുരം: വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പലയിടങ്ങളിലും വലിയ ജനക്കൂട്ടം. പുലർച്ചെ മുതൽ പല വാക്സിൻ വിതരണ കേന്ദ്രങ്ങളിലും വലിയ വരി രൂപപ്പെട്ടിരുന്നു. ഓൺലൈൻ രജിസ്ട്രേഷൻ സംബന്ധിച്ച ആശയക്കുഴപ്പം പലയിടങ്ങളിലും തർക്കങ്ങൾക്കിടയാക്കി.

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വലിയ തോതിൽ ജനങ്ങൾ വാക്സിനേഷന് എത്തിയതിനെ തുടർന്ന് വലിയ തിക്കുംതിരക്കും അനുഭവപ്പെട്ടു. ജീവനക്കാരുമായി വാക് തർക്കവും ഉണ്ടായി. ഓൺലൈൻ രജിസ്ട്രേഷൻ ഉള്ളവർക്കു മാത്രമേ വാക്സിൻ നൽകൂ എന്ന് ഇന്നലെ വൈകിട്ടോടെ നിർദേശമുണ്ടായിരുന്നെങ്കിലും രജിസ്ട്രേഷൻ ഇല്ലാത്തവരുടെ വലിയ നിര തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പുലർച്ചെ തന്നെ രൂപപ്പെട്ടിരുന്നു.

ഓൺലൈൻ രജിസ്ട്രേഷന്റെ കാര്യം പലരും അറിഞ്ഞില്ല. രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചവർക്കു പലർക്കും സാങ്കേതിക പ്രശ്നങ്ങൾ മൂലം രജിസ്ട്രേഷൻ ലഭിച്ചതുമില്ല. കഴിഞ്ഞ ദിവസംവരെ സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരുന്നു. ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാണെന്ന കാര്യം ആശുപത്രിയിൽ എഴുതിവെക്കുകയോ അറിയിക്കുകയോ ചെയ്തില്ലെന്ന് ജനങ്ങൾ ആരോപിക്കുന്നു. ഒന്നാം ഡോസും രണ്ടാം ഡോസും എടുക്കാനുള്ളവർ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു.

ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാക്കുകയും രജിസ്ട്രേഷൻ ഉള്ളവർക്കു മാത്രം ടോക്കൺ കൊടുക്കുകയും ചെയ്തു. എന്നാൽ, രാവിലെ തന്നെ വരിനിന്ന പലർക്കും ടോക്കൺ നൽകാതിരുന്നത് പിന്നീടും വാക്കുതർക്കത്തിന് ഇടയാക്കി. ഡിഎംഒ നേരിട്ടെത്തി പ്രശ്നം പരിഹരിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.