Headlines
Loading...
ക്ഷേമപെൻഷൻ മുടങ്ങിയതില്‍ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം; സഭ ബഹിഷ്കരിച്ചു kerala legislative assembly

ക്ഷേമപെൻഷൻ മുടങ്ങിയതില്‍ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം; സഭ ബഹിഷ്കരിച്ചു kerala legislative assembly

ക്ഷേമപെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് നിയമസഭ ബഹിഷ്കരിച്ച്  പ്രതിപക്ഷം. പെൻഷൻ കിട്ടാതെ ആത്മഹത്യ ചെയ്ത ജോസഫിനെ സർക്കാർ  അവഹേളിക്കുന്നെന്ന് പ്രതിപക്ഷം ആരോപിച്ചു. ജോസഫ് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്ന് ധനമന്ത്രി ന്യായീകരിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചത്. സർക്കാരിന്റെ മുൻഗണന കേരളീയത്തിനും നവകേരള സദസിനുമാണെന്നും ക്ഷേമപെൻഷൻ നൽകുന്നതിനല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. യുഡിഎഫ് 18 മാസം ക്ഷേമപെൻഷൻ നൽകിയില്ലെന്ന ധനമന്ത്രിയുടെ വാദത്തിനെതിരെ അവകാശ ലംഘന നോട്ടീസ് നൽകാൻ പ്രതിപക്ഷം തീരുമാനിച്ചു.

ക്ഷേമ പെൻഷൻ മുടക്കിയതിലും ചക്കിട്ടപ്പാറയിൽ അംഗ പരിമിതനായ ജോസഫ് ജീവനൊടുക്കിയതിലും അടിയന്തര പ്രമേയ നോട്ടീസ് നൽകിയ പ്രതിപക്ഷം ഉയർത്തിയത് കടുത്ത പ്രതിഷേധമായിരുന്നു.  യുഡിഎഫ് 18 മാസത്തെ ക്ഷേമപെൻഷൻകുടിയികയാക്കിയിട്ടുണ്ടെന്ന ഭരണപക്ഷ പ്രചാരണത്തെ വിഷ്ണുനാഥ് രേഖകൾ ഉയർത്തി നേരിട്ടു. ആത്മഹത്യ ചെയ്ത ജോസഫിന് സർക്കാരിൽ നിന്ന് കിട്ടിയ ആനുകൂല്യങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു ധനമന്ത്രിയുടെ പ്രതിരോധം. തൊഴിലുറപ്പ് കൂലിയായും പെൻഷനായും വർഷം 52400 രൂപ കൈപ്പറ്റി, സ്വന്തം വീടിന് സമീപം തൊഴിലുറപ്പ് ജോലിക്ക് സൗകര്യം നൽകി, വീട്ടിലേക്കുള്ള നടപ്പാത 5 ലക്ഷം മുടക്കി കോൺക്രീറ്റ് ചെയ്തു.. ധനമന്ത്രി എണ്ണിപ്പറഞ്ഞു. നവംബറിലെയും ഡിസംബറിലെയും പെൻഷൻ ജോസഫിന് കിട്ടിയെന്നും വാദിച്ച മന്ത്രി ഡൽഹിയിൽ നടക്കുന്ന കേന്ദ്ര വിരുദ്ധ സമരത്തിൽ പങ്കെടുക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്നും പറഞ്ഞു. 

വർഷം 52000 രൂപ കൊണ്ട് ഒരു കുടുംബം കഴിയുമോ എന്ന് തിരിച്ചടിച്ച് പ്രതിപക്ഷ നേതാവ്. പ്രതിപക്ഷ നേതാവിന്റെ പ്രസംഗം ഭരണപക്ഷ ബഹളം മൂലം പല തവണ തടസപ്പെട്ടു. തുടർന്ന് സ്പീക്കർക്ക് മുന്നിൽ പ്ലക്കാർഡുകളുമായി പ്രതിപക്ഷ ബഹളം. അവഗണിച്ച് നടപടികൾ തുടർന്നതോടെ സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം പുറത്തേക്ക്