Headlines
Loading...
'ബിജെപിയെ കോണ്‍ഗ്രസ് താഴെയിറക്കും'; തന്റെ വാക്കുകള്‍ കുറിച്ചു വച്ചോളൂവെന്ന് രാഹുല്‍ ഗാന്ധി

'ബിജെപിയെ കോണ്‍ഗ്രസ് താഴെയിറക്കും'; തന്റെ വാക്കുകള്‍ കുറിച്ചു വച്ചോളൂവെന്ന് രാഹുല്‍ ഗാന്ധി

ജയ്പൂര്‍: കോണ്‍ഗ്രസ് ഒരു ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്നും എല്ലാ വിധ അഭിപ്രായങ്ങള്‍ക്കുമുള്ള വേദി പാര്‍ട്ടിയിലുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്ര 100 ദിവസം പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായി നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.
'ഞങ്ങളുടെ പാര്‍ട്ടി ഒരു ഫാസിസ്റ്റ്, ഏകാധിപത്യ പാര്‍ട്ടിയല്ല. ചര്‍ച്ചകളും സംവാദങ്ങളും നടത്താം. ഞങ്ങള്‍ അതിനെ അംഗീകരിക്കുന്നു. അത് രാജസ്ഥാനില്‍ മാത്രമല്ല. അത് കോണ്‍ഗ്രസ് ശൈലിയാണ്. ഏതെങ്കിലും പാര്‍ട്ടി നേതാവിന് എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കില്‍ അത് തടയുവാന്‍ ശ്രമിക്കുകയോ വായ പൊത്തുകയോ ചെയ്യില്ല. ഭൂരിപക്ഷം സമയത്തും ഈ വിയോജിപ്പുകള്‍ പാര്‍ട്ടിക്ക് ക്ഷീണം ചെയ്യില്ല. മാധ്യമങ്ങള്‍ എന്തൊക്കെ പറഞ്ഞാലും ഞങ്ങളെ അത് ഭയപ്പെടുത്തുന്നില്ല', രാഹുല്‍ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തനം ഒട്ടും ഗുണപരമല്ലെന്നും അലസമട്ടിലാണെന്നതും ഒരു തെറ്റായ ധാരണയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 'എന്റെ വാക്കുകള്‍ കുറിച്ചു വച്ചോളൂ, ബിജെപിയെ കോണ്‍ഗ്രസ് താഴെയിറക്കും. കാരണം ഞങ്ങളുടെ പാര്‍ട്ടി പോരാട്ടം ഇപ്പോഴും കൈവിട്ടിട്ടില്ല എന്നതാണ്', അദ്ദേഹം വ്യക്തമാക്കി.

നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ടുപോയതിനെ കുറിച്ചും രാഹുല്‍ സംസാരിച്ചു. 'പാര്‍ട്ടി വിട്ടുപോകുന്നവര്‍ക്ക് പോകാം. അതിനെ സ്വാഗതം ചെയ്യുന്നു. കാരണം അവര്‍ ബിജെപിക്കെതിരെ പോരാടാന്‍ തയ്യാറല്ല. അതിനാല്‍ കൂടുതല്‍ സന്തോഷം'.
'കഴിഞ്ഞ കാലത്ത് കോണ്‍ഗ്രസ് ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് ഞാന്‍ പറയില്ല. ഞാനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങളില്‍ നിന്ന് അകന്നു. ഈ അകലമെന്നത് ഭൗതികമായ അകലമല്ല. വേദനയില്‍ നിന്നുള്ള അകലമാണ്. ഈ യാത്രയില്‍ ഞങ്ങള്‍ സാധാരണ ജനങ്ങളുടെ വേദന മനസ്സിലാക്കുന്നു', രാഹുല്‍ കൂട്ടിച്ചേര്‍ത്തു.