kasaragod
കാസർകോട് ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് നന്നാക്കാത്തത് ഗുരുതരവീഴ്ച; കുറ്റപ്പെടുത്തി സബ് ജഡ്ജിന്‍റെ റിപ്പോര്‍ട്ട്
കാസർകോട് ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് കേടായതിനെ തുടർന്ന് മൃതദേഹം ചുമട്ടുതൊഴിലാളികൾ ചുമന്ന സംഭവത്തിൽ ആശുപത്രി അധികൃതർക്ക് ഗുരുതര വീഴ്ചയുണ്ടായതായി ലീഗൽ സർവ്വീസ് അതോറിറ്റിയുടെ കണ്ടെത്തൽ. എളുപ്പം പരിഹരിക്കാൻ സാധിക്കുന്ന വിഷയത്തിൽ ആശുപത്രി അധികൃതര്‍ കാലതാമസം ഉണ്ടാക്കി. രോഗികൾക്ക് പകരം സംവിധാനം ഒരുക്കുന്നതിനും ആശുപത്രി ആശുപത്രി അധികൃതർ തയ്യാറായില്ലെന്നും ജില്ലാ സബ് ജഡ്ജിയുടെ നേത്യത്വത്തിലുള്ള സംഘം കണ്ടെത്തി. റിപ്പോർട്ട് ഉടൻ സംസ്ഥാന ലീഗൽ സർവ്വീസ് അതോറിറ്റിക്ക് കൈമാറും.
തകരാറിലായ ലിഫ്റ്റ് ഒരു മാസത്തോളമായിട്ടും അറ്റകുറ്റപണി നടത്താതിരുന്നതോടെയാണ് രോഗികൾക്ക് സഹായവുമായി സമീപത്തെ ബി.എം.എസ് ചുമട്ടുതൊഴിലാളികൾ എത്തിയത്. ആദ്യം അണങ്കൂർ സ്വദേശിയായ രോഗിയെയും പിന്നീട് ബന്തിയോട് സ്വദേശിയുടെ മൃതദേഹവും ചുമട്ടുതൊഴിലാളികൾ ചുമന്ന വാർത്ത മാധ്യമങ്ങളിൽ വന്നതിന് പിന്നാലെയാണ് വിഷയത്തിൽ സംസ്ഥാന ലീഗൽ അതോറിറ്റി ഇടപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ നേരിട്ടെത്തിയ ജില്ല സബ്ബ് ജഡ്ജ് ബി. കരുണാകരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആശുപത്രി അധികൃതർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്. വിഷയത്തിൽ ആശുപത്രി അധികൃതർ വേണ്ട സമയം ഇടപ്പെട്ടില്ലെന്നാണ് പ്രധാന കണ്ടെത്തൽ. ജില്ലാ സബ് ജഡ്ജ് വിഷയത്തിന്റെ ഗൗരവം സംസ്ഥാന ലീഗൽ അതോറിറ്റിക്ക് മുൻപാകെ ബോധിപ്പിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി സ്വമേധയ കേസെടുക്കാനും സാധ്യതയുണ്ട്. ആശുപത്രി സൂപ്രണ്ടിനെതിരെ സ്ഥലം എംഎൽഎ എൻ.എ നെല്ലിക്കുന്ന് നേരത്തെ രംഗത്തെത്തിയിരുന്നു. അതേസമയം ആരോഗ്യ വകുപ്പും വിഷയത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആശുപത്രിയിൽ അന്വേഷണത്തിനായി വിജിലൻസ് സംഘം നാളെ എത്തും.