Headlines
Loading...
മിടുക്കരായ വിദ്യാർത്ഥികൾക്ക് സംസ്ഥാനത്ത് തന്നെ പഠിക്കാൻ പറ്റണം; കേരളത്തിലെ സർവകലാശാലകൾ മെച്ചപ്പെ‌ടണമെന്ന് ​ഗവർണർ

മിടുക്കരായ വിദ്യാർത്ഥികൾക്ക് സംസ്ഥാനത്ത് തന്നെ പഠിക്കാൻ പറ്റണം; കേരളത്തിലെ സർവകലാശാലകൾ മെച്ചപ്പെ‌ടണമെന്ന് ​ഗവർണർ

ഭാവി തലമുറയ്ക്ക് പര്യാപ്തമാവും വിധം സംസ്ഥാനത്തെ സർവകലാശാലകളെ സജ്ജമാക്കണമെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവനിൽ ചാൻസലേഴ്സ് പുരസ്കാര ദാന ച‌‌ടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ മേഖലയെ പോലെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയും മെച്ചപ്പെടണം. കേരളത്തിലെ മി‌ടുക്കരായ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തിനു പുറത്തുള്ള സർവകലാശാലകളിലേക്കും സ്ഥാപനങ്ങളിലേക്കും കുടിയേറുന്ന സ്ഥിതിക്ക് മാറ്റമുണ്ടാവണം. കേരളത്തിന്റെ ഭാവി സാധ്യതകൾ ഉന്നത വിദ്യാഭ്യാസ മേഖലയുടെ മുന്നോട്ട് പോക്കിനെ ആശ്രയിച്ചാണിരിക്കുന്നതെന്നും ​ഗവർണർ പറഞ്ഞു.

ഭൗതികവും കലാപരവും ധാർമ്മികവും നീതി ശാസ്ത്രപരവുമായ പാരമ്പര്യവും സാങ്കേതിക നൈപുണ്യവും തലമുറകളിലൂടെ കൈമാറ്റം ചെയ്യുന്ന മാധ്യമമാണ് സർവകലാശാല. ഇത് രാജ്യ പുരോ​ഗതിക്ക് അത്യന്താപേക്ഷിതമാണെന്നും ​ഗവർണർ പറഞ്ഞു. എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക് പൂർത്തിയാവുന്നതോടെ വിദ്യാഭ്യാസ രം​ഗത്തെ സാങ്കേതിക വിദ്യ ഫലവത്താവും. ഓൺലൈൻ വിദ്യാഭ്യാസം പൂർണമായും ഫലപ്രാപ്തി നേ‌ടുന്നതിന് അധ്യാപക പരിശീലനം നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ചടങ്ങിൽ മുഖ്യ പ്രഭാഷണം ന‌ടത്തി. സർവകലാശാകൾ ഉന്നതവിദ്യാഭ്യാസ രം​ഗത്ത് സാമൂഹ്യ നീതിയും ​ഗുണമേൻമയും ഉറപ്പാക്കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

2019, 2020 വർഷങ്ങളിൽ മൾട്ടി ഡിസിപ്ലിനറി, സ്പെഷ്യലൈസ്ഡ്, എമർജിം​ഗ് യംങ് സർവകലാശാല എന്നീ വിഭാ​ഗങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട സർവകലാശാലകൾക്കാണ് അവാർഡ് നൽകിയത്. കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയാണ് 2019 ലെ മികച്ച സർവകലാശാലയ്ക്കുള്ള അവാർഡ് നേടിയത്. കേരള വെറ്റിനറി സർവകലാശാല എമർജിം​ഗ് യംങ് സർവകലാശാലയ്ക്കുള്ള അവാർഡ് നേടി. 2020 ലെ മികച്ച സർവകലാശാലകൾക്കുള്ള പുരസ്കാരം മഹാത്മാ​ഗാന്ധി സർവകലാശാലയും കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയും പങ്കിട്ടു. കേരള കാർഷിക സർവകലാശാല സ്പെഷലൈസ്ഡ് വിഭാ​ഗത്തിൽ അവാർഡ് നേടി.