Headlines
Loading...
സഹായഹസ്തവുമായി വീണ്ടും മത്സ്യതൊഴിലാളികള്‍; പത്തനംതിട്ടയിലേക്ക് കൊല്ലത്ത് നിന്നും വള്ളങ്ങള്‍

സഹായഹസ്തവുമായി വീണ്ടും മത്സ്യതൊഴിലാളികള്‍; പത്തനംതിട്ടയിലേക്ക് കൊല്ലത്ത് നിന്നും വള്ളങ്ങള്‍

പ്രളയ രക്ഷാ പ്രവര്‍ത്തനത്തില്‍ മത്സ്യത്തൊഴിലാളുകളുടെ വലിയ പങ്ക് കേരളം നേരിട്ട് അനുഭവിച്ചതാണ്. തങ്ങളുടെ സഹജീവികള്‍ ദുരിതത്തിലാവുമ്പോള്‍ ഇത്തവണയും അവര്‍ക്ക് നോക്കി നില്‍ക്കാനായില്ല. വെള്ളപ്പൊക്കം നേരിടുന്ന പത്തനംതിട്ട ജില്ലയിലേക്ക് വീണ്ടും കൊല്ലത്തുനിന്ന് മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ വള്ളങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് തയ്യാറായി പുറപ്പെട്ടു. ശനിയാഴ്ച രാത്രി കൊല്ലം വാടിയില്‍ നിന്നുള്ള സംഘമാണ് വള്ളങ്ങളുമായി പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിലേക്ക് തിരിച്ചത്.

അപകട സാഹചര്യം മുന്‍നിര്‍ത്തി നടത്തിയ അഭ്യര്‍ത്ഥനയുടെ പശ്ചാത്തലത്തില്‍ ആണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈയെടുത്ത് വാടിയില്‍ നിന്ന് വള്ളങ്ങള്‍ പുറപ്പെട്ടതെന്ന കൊല്ലം ജില്ലാ കളക്ടര്‍ അറിയിച്ചു. 

മത്സ്യത്തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡണ്ട് ബേസില്‍ ലാല്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥരും തൊഴിലാളി സമൂഹവും ചേര്‍ന്ന സംഘമാണ് അര്‍ദ്ധരാത്രിയോടെ രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ടത്. ജില്ലയിലെ അടിയന്തര സാഹചര്യം പരിഗണിച്ച് ആവശ്യമായ മുന്‍കരുതലും ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനവും നടത്താനായി. എല്ലാ മേഖലകളില്‍ നിന്നും ദുരിത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആവശ്യമായ സഹായ പ്രവര്‍ത്തനങ്ങള്‍ എത്തിക്കുകയാണെന്നും കൊല്ലം കളക്ടര്‍ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് ന്യൂനമര്‍ദ്ദം ദുര്‍ബലമായി. അറബിക്കടലില്‍ കാറ്റിന്റെ ശക്തി കുറഞ്ഞു. കുടുതല്‍ മഴമേഘങ്ങള്‍ കരയിലേക്ക് എത്താന്‍ സാധ്യതയില്ല. അതേസമയം വടക്കന്‍ കേരളത്തില്‍ ഉച്ചവരെ മഴ തുടര്‍ന്നേക്കാം.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ജില്ലാതല മഴമുന്നറിയിപ്പ് പ്രകാരം ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത് . ദേശീയ ദുരന്ത പ്രതികരണ സേനയുടെ (NDRF) ഒാ്രരോ ടീമുകള്‍ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഇതിനോടകം വിന്യസിച്ചിട്ടുണ്ട് . ഇതുകൂടാതെ 5 ടീമിനെ കൂടി ഇടുക്കി, കോട്ടയം, കൊല്ലം, കണ്ണൂരും , പാലക്കാട് ജില്ലകളില്‍ വിന്യസിക്കാനായി നിര്‍ദേശം നല്‍കിയിട്ടുണ്ട് . ഇവര്‍ 8 മണിയോടെ വാളയാര്‍ അതിര്‍ത്തിയില്‍ എത്തുമെന്ന് കരുതപ്പെടുന്നു. ഇന്ത്യന്‍ ആര്‍മിയുടെ രണ്ടു ടീമുകളില്‍ ഒരു ടീം തിരുവനന്തപുരത്തും, ഒരെണ്ണം കോട്ടയത്തും വിന്യസിച്ചിട്ടുണ്ട്.

ഡിഫെന്‍സ് സെക്യൂരിറ്റി കോര്‍പ്‌സിന്റെ (DSC) ടീമുകള്‍ ഒരെണ്ണം കോഴിക്കോടും ഒരെണ്ണം വയനാടും വിന്യസിച്ചിട്ടുണ്ട . എയര്‍ഫോഴ്‌സിനോടും, നേവിയോടും അടിയന്തിര സാഹചര്യം നേരിടാന്‍ സജ്ജരായിരിക്കാന്‍ നിർദേശം നല്‍കി.