Headlines
Loading...
'കെഎസ്ആര്‍ടിസി നശിക്കും, രക്ഷപ്പെടാന്‍ പാടില്ല'; ശപിച്ച് വിവാദ ഡ്രൈവര്‍, 'ബസോടിക്കുന്നത് ത്രില്ലിന്'

'കെഎസ്ആര്‍ടിസി നശിക്കും, രക്ഷപ്പെടാന്‍ പാടില്ല'; ശപിച്ച് വിവാദ ഡ്രൈവര്‍, 'ബസോടിക്കുന്നത് ത്രില്ലിന്'

കെഎസ്ആര്‍ടിസിക്കെതിരെയും മന്ത്രി ആന്റണി രാജുവിനെതിരെയും രൂക്ഷവിമര്‍ശനവുമായി ഈരാറ്റുപേട്ടയില്‍ കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ അകപ്പെട്ടതിന് സസ്‌പെന്‍ഷന്‍ നേരിട്ട ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന്‍. കെഎസ്ആര്‍ടിസി നശിക്കാന്‍ പോകുന്ന പ്രസ്ഥാനമാണെന്നും ഒരുകാലത്തും അത് രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും ജയദീപ് പറഞ്ഞു. യൂണിയന്‍ നോക്കിയാണ് കെഎസ്ആര്‍ടിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും തനിക്കെതിരായ നടപടിക്ക് പിന്നില്‍ രാഷ്ട്രീയമാണെന്നും ജയദീപ് പറഞ്ഞു.

ജയദീപ് പറഞ്ഞത് ഇങ്ങനെ: ''പണത്തിന് വേണ്ടി അല്ല ഞാന്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ജോലിക്ക് പോകുന്നത്. ത്രില്ലിനാണ് ബസോടിക്കുന്നത്. യാത്രക്കാരെ രക്ഷിക്കാന്‍ നോക്കിയിട്ട് എനിക്ക് പണി തരാനാണ് കെഎസ്ആര്‍ടിസി നോക്കുന്നത്. ഒരിക്കലും കെഎസ്ആര്‍ടിസി രക്ഷപ്പെടാന്‍ പോകുന്നില്ല. രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ ഇത് നിശ്ചലമാകും. നിശ്ചലമാകണം എന്നാണ് ഞാന്‍ പറയുന്നത്. പരസ്പരം പാരവെയ്പ്പാണ് കെഎസ്ആര്‍ടിസിയില്‍ നടക്കുന്നത്. യൂണിയന്‍ നോക്കിയാണ് കെഎസ്ആര്‍ടിസില്‍ എല്ലാം തീരുമാനിക്കുന്നത്. എന്റെ സസ്‌പെന്‍ഷന് പിന്നില്‍ രാഷ്ട്രീയമാണ്. ഞാന്‍ ഇവിടുത്തെ ഐഎന്‍ടിയുസി പ്രസിഡന്റാണ്. പ്രതികരിച്ചതിന്റെ പേരില്‍ ജോലി പോകുമെന്ന പേടി എനിക്കില്ല. 

എന്റെ ജീവിതം ഭദ്രമാണ്. സ്വന്തമായി അഞ്ചേക്കര്‍ സ്ഥലമുണ്ട്. അച്ഛനും അമ്മയ്ക്കും പെന്‍ഷനുണ്ട്. സഹോദരിമാര്‍ അമേരിക്കയിലാണ്. അവര്‍ എന്നെ നിരന്തരം വിളിക്കുന്നുണ്ട്. എല്ലാ മാസവും അവര്‍ പണവും അയച്ചു തരുന്നുണ്ട്. മക്കളുടെ കാര്യവും അവരാണ് നോക്കുന്നത്. ഭാര്യക്ക് ജോലിയൊന്നുമില്ല. അവളുടെ സഹോദരങ്ങളും വിദേശത്താണ്.''

കഴിഞ്ഞദിവസമാണ് ഈരാറ്റുപേട്ടയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ് പൂഞ്ഞാര്‍ സെയ്ന്റ് മേരീസ് പള്ളിക്ക് സമീപം വെള്ളക്കെട്ടില്‍ അകപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഡ്രൈവര്‍ ജയദീപിനെ മന്ത്രി ആന്റണി രാജു സസ്‌പെന്‍ഡ് ചെയ്തത്. യാത്രക്കാരുടെ ജീവന് ഭീഷണിയുയര്‍ത്തുകയും ബസിന് നാശനഷ്ടം വരുത്തുകയും ചെയ്‌തെന്നായിരുന്നു കണ്ടെത്തല്‍. 

ഇതിന് പിന്നാലെ ജയദീപ് സോഷ്യല്‍മീഡിയയിലൂടെ സര്‍ക്കാരിനെ വെല്ലുവിളിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. താന്‍ ആളുകളെ രക്ഷിക്കാനാണ് നോക്കിയതെന്നും സസ്‌പെന്‍ഷന് പിന്നില്‍ രാഷ്ട്രീയമാണെന്നുമാണ് ജയദീപ് പറഞ്ഞത്.

പൂഞ്ഞാര്‍ സെന്റ മേരീസ് പള്ളിക്ക് സമീപത്തെ വെള്ളക്കെട്ടില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങുമെന്ന് ഉറപ്പായിട്ടും വാഹനം ഇറക്കാന്‍ ജയദീപ് ശ്രമിച്ചു. ജനങ്ങള്‍ വിളിച്ചുകൂവി ഇറക്കരുതെന്ന് ആവര്‍ത്തിക്കുമ്പോഴും കുസലില്ലാതെ കുറേയെറെ ജീവനുകളുമായി അയാള്‍ വെള്ളത്തിലൂടെ വാഹനം ഇറക്കി. ഒടുവില്‍ വന്‍ ദുരന്തമാകുമെന്ന് ബോധ്യമായതോടെ മതിലിനോട് ചേര്‍ത്ത് ബസ് നിര്‍ത്തി. നാട്ടുകാര്‍ സമയോചിതമായി ഇടപെട്ടു യാത്രക്കാര്‍ സുരക്ഷിതരായി പുറത്തേക്കെത്തിക്കുകയായിരുന്നു.

എന്നാല്‍ തനിക്കെതിരെ ആക്ഷേപങ്ങള്‍ രൂക്ഷമായതോടെ വിശദീകരണവുമായി ജയദീപ് വീണ്ടും രംഗത്തെത്തിയിരുന്നു. യാത്രക്കാരോടും കണ്ടക്ടറോടും ചോദിച്ചിട്ടാണ് വണ്ടി മുന്നോട്ട് എടുത്തത്. പള്ളിക്ക് സമീപത്ത് എത്തിയപ്പോഴാണ് റോഡില്‍ പെട്ടെന്ന് വെള്ളം വന്ന് നിറഞ്ഞത്. ഇതോടെ ബസിന്റെ എഞ്ചിന്‍ നിന്ന് പോയി. യാത്രക്കാരോട് ഭയക്കേണ്ടെന്ന് പറഞ്ഞ് മതിലിനോട് ചേര്‍ന്ന് വണ്ടി നിര്‍ത്തുകയായിരുന്നെന്നും ജയദീപിന്റെ വിശദീകരിച്ചു.