Headlines
Loading...
 തനിച്ചു താമസിക്കുന്ന വയോധികന്റെ മരണം കൊലപാതകം; യുവാക്കൾ പിടിയിൽ

തനിച്ചു താമസിക്കുന്ന വയോധികന്റെ മരണം കൊലപാതകം; യുവാക്കൾ പിടിയിൽ

ഇരിങ്ങാലക്കുട ആളൂരില്‍ തനിച്ചു താമസിച്ചിരുന്ന അറുപത്തിയഞ്ചുകാരനെ മദ്യപസംഘം അടിച്ചു കൊന്നതാണെന്ന് കണ്ടെത്തി. രണ്ടു പേരെ പൊലീസ് അറസറ്റ് ചെയ്തു. മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യംചെയ്തതാണ് കൊലയ്ക്കു കാരണം. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് ഇരിങ്ങാലക്കുട ആളൂരില്‍ അറുപത്തിയഞ്ചുകാരന്‍ രാമകൃഷ്ണന്‍ കൊല്ലപ്പെട്ടത്. തനിച്ചായിരുന്നു താമസം. ആദ്യം അസ്വാഭാവിക മരണമാണെന്ന് പൊലീസ് കരുതി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്. ആളൂര്‍ സ്വദേശി മുഹമ്മദ് ജാസിക്, ഊരകം സ്വദേശി അഡലിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇരുവര്‍ക്കും ഇരുപത്തിയൊന്നു വയസായിരുന്നു. കഞ്ചാവിനും മദ്യത്തിനും അടിമയാണ് ഒന്നാംപ്രതി മുഹമ്മദ് ജാസിക്. 

ഇരുവരും മദ്യപിച്ച ശേഷം രാമകൃഷ്ണന്റെ വീടിനു മുമ്പില്‍ സംസാരിച്ചു നില്‍ക്കുയായിരുന്നു. വീടിന്റെ മുമ്പില്‍ നില്‍ക്കുന്നത് രാമകൃഷ്ണന്‍ ചോദ്യംചെയ്തു. വാക്കേറ്റമായി. ബഹളമായി. മുഹമ്മദ് ജാസിക് ആദ്യം ആക്രമിച്ചു. പ്രാണഭയത്താല്‍ വീട്ടിലേക്കോടിയ രാമകൃഷ്ണനെ നിലത്തിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. 

മര്‍ദ്ദനത്തിനൊടുവില്‍ കൊല്ലപ്പെട്ടു. സംഭവത്തിനു ശേഷം മുങ്ങിയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി: ബാബു കെ തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസന്വേഷിച്ച് പ്രതികളെ പിടികൂടിയത്.