entertainment desk
നടി തൃഷയെ അറസ്റ്റ് ചെയ്യണമെന്നാവശ്യം; പൊന്നിയൻ സെൽവൻ ചിത്രീകരണം വീണ്ടും പ്രതിസന്ധിയിൽ
മണിരത്നം ചിത്രം പൊന്നിയൻ സെൽവൻ സിനിമയുടെ ചിത്രീകരണം വീണ്ടും പ്രതിസന്ധിയിൽ. സിനിമയുടെ ചിത്രീകരണത്തിനിടയിൽ കുതിര ചത്തതിനെ തുടർന്ന് സംവിധാനയകൻ മണിരത്നത്തിനെതിരെ കേസെടുത്തിരുന്നു.
ഇപ്പോൾ നടി തൃഷയ്ക്കെതിരെയാണ് പ്രതിഷേധം ഉയരുന്നത്. ആരാധനാലയത്തിൽ ചെരുപ്പ് ധരിച്ചു കയറി എന്നാണ് തൃഷയ്ക്കെതിരെയുള്ള ആരോപണം. സിനിമയുടെ ചിത്രീകരണത്തിനായി മധ്യപ്രദേശിലെ ഇൻഡോറിലായിരുന്നു സംഘം.
ഇൻഡോറിലെ പുരാതരനമായ ആരാധനാലയങ്ങളിൽ ഒന്നിൽ വെച്ചായിരുന്നു ചിത്രീകരണം എന്നായിരുന്നു സൂചന. സിനിമയിലെ പ്രധാന നടിമാരായ തൃഷയും ഐശ്വര്യ റായി ബച്ചനും ഒന്നിച്ചുള്ള രംഗങ്ങളായിരുന്നു ചിത്രീകരിക്കേണ്ടിയിരുന്നത്.
ചിത്രീകരണത്തിനിടയിൽ തൃഷ ആരാനാലയത്തിൽ ചെരുപ്പ് ധരിച്ച് കയറി എന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. ക്ഷേത്രത്തിനുള്ളിൽ ചെരുപ്പ് ധരിച്ച് കയറിയ നടിയുടെ ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് തൃഷയ്ക്കെതിരെ ചില സംഘടനകൾ രംഗത്തെത്തിയിരിക്കുന്നത്. താരത്തെ അറസ്റ്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.
രണ്ട് ദിവസം മുമ്പാണ് ചിത്രീകരണത്തിനിടയിൽ കുതിര ചത്തതിനെ തുടർന്ന് മണിരത്നത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പെറ്റ( പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്‌മെന്‍റ് ഓഫ് ആനിമല്‍സ്) നൽകിയ പരാതിയിലാണ് കേസ്.
മണിരത്‌നത്തിനെതിരെയും അദ്ദേഹത്തിന്‍റെ നിർമാണ കമ്പനിയായ മദ്രാസ് ടാക്കീസിനെതിരെയും കുതിരയുടെ ഉടമക്കെതിരെയുമാണ് പരാതി നൽകിയത്.
സിനിമയിലെ യുദ്ധരംഗങ്ങൾ ചിത്രീകരിക്കുന്നതിനായി കുതിരകളെ മണിക്കൂറുകളോളം ഉപയോഗിച്ചതിനെ തുടർന്ന് നിർജലീകരണം സംഭവിച്ചാണ് ഒരു കുതിര ചത്തതെന്നാണ് പരാതിയിൽ പറയുന്നത്. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ (പി.സി.എ) നിയമവും ഐപിസി വകുപ്പുകളും ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്.
പൊന്നിയൻ സെൽവൻ എന്ന പേരിലുള്ള നോവലിനെ ആസ്പദമാക്കി അതേ പേരിൽ ഒരുക്കുന്ന സിനിമയാണ് മണിരത്നം സംവിധാനം ചെയ്യുന്നത്. തമിഴിലെ പ്രമുഖ എഴുത്തുകാരൻ കൽകി കൃഷ്ണമൂർത്തിയുടെ നോവലാണിത്. വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.