പൗരത്വ ഭേദഗതി നിയമം; ചട്ടങ്ങള്‍ പൂര്‍ത്തിയായില്ല; ആറു മാസം കൂടി സമയം ചോദിച്ച് കേന്ദ്രം
പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ സമയം നീട്ടി ചോദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2022 ജൂണ്‍ 9 വരെയാണ് സമയം നീട്ടിചോദിച്ചിരിക്കുന്നത്. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റോയ് ആണ് പാര്‍ലമെന്റില്‍ ഇക്കാര്യം അറിയിച്ചത്. കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രിയുടെ പ്രതികരണം.
2019 ലാണ് പാര്‍ലമെന്റില്‍ പാസാക്കിയ നിയമം 2020 ജനുവരി 10 നാണ് പ്രാബല്യത്തില്‍ വന്നത്. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളായ മുസ്ലിം ഇതര മതസ്ഥര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് നിയമം. നിയമത്തിനെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യത്ത് നടന്നത്.
അതേസമയം ചട്ടങ്ങള്‍ രൂപീകരിക്കുന്നതിനു മുമ്പേ തന്നെ പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടുത്തിടെ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 1995 ലെ സിറ്റിസണ്‍ഷിപ്പ് ആക്ട് പ്രകാരം അടിയന്തരമായി ഇവര്‍ക്ക് പൗരത്വം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദ്ദേശം.
ഈ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിയുന്നവര്‍ക്കാണ് പൗരത്വം നല്‍കുന്നത്. മുസ്ലിം ഇതര മതസ്ഥരായ ഹിന്ദു, സിഖ്, ജെയിന്‍, ബുദ്ധ മതസ്ഥരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഖണ്ഡ്, ഹരിയാന, പഞ്ചാബ്, എന്നീ സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ കഴിയുന്ന അഭയാര്‍ത്ഥികള്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാം. അടുത്തിടെ പാകിസ്താനില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ ആറ് പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുകയും ചെയ്തിരുന്നു.