തിരുവനന്തപുരം: വ്യാജ രോഗചികിത്സാ രീതികളുടെ പേരിൽ ആരോപണങ്ങൾ നേരിട്ട മോഹനൻ വൈദ്യരെ തന്റെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കാലടിയിലുള്ള ബന്ധുവീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. ശനിയാഴ്ച വൈകുന്നേരം എട്ട് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസമായി ബന്ധുവീട്ടിൽ താമസിക്കുകയായിരുന്നു വൈദ്യർ.
കൊവിഡ് ചികിത്സിച്ച് മാറ്റുമെന്ന മോഹനൻ വൈദ്യർ അവകാശപ്പെടുകയും വ്യാജ ചികിത്സ നൽകുകയും ചെയ്തതിനെ തുടർന്ന് കഴിഞ്ഞ വർഷം മാർച്ച് മാസത്തിൽ അദ്ദേഹം പ്രവർത്തിച്ചിരുന്ന തൃശൂരിലെ പരിശോധനാ/ചികിത്സാ കേന്ദ്രത്തിൽ റെയ്ഡ് നടക്കുകയും വൈദ്യരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം അവസാനം വാർത്തകളിൽ നിറഞ്ഞത്.