Headlines
Loading...
രണ്ട് കുട്ടികളിൽ കൂടുതൽ ഉളളവർക്ക് അസമിൽ ഇനി സർക്കാർ ആനുകൂല്യങ്ങളില്ല; പുതിയ ജനസംഖ്യാനയം ക്രമേണ നടപ്പാക്കാനൊരുങ്ങി  ആസാം

രണ്ട് കുട്ടികളിൽ കൂടുതൽ ഉളളവർക്ക് അസമിൽ ഇനി സർക്കാർ ആനുകൂല്യങ്ങളില്ല; പുതിയ ജനസംഖ്യാനയം ക്രമേണ നടപ്പാക്കാനൊരുങ്ങി ആസാം

​ഗുവാഹത്തി: സംസ്ഥാനത്ത് പുതിയ ജനസംഖ്യാനയം ക്രമേണ നടപ്പാക്കാനൊരുങ്ങി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അസമിൽ രണ്ട് കുട്ടികളിൽ കൂടുതൽ ഉളളവർക്ക് സർക്കാർ ജോലികൾക്ക് അർഹതയുണ്ടാവില്ല. ഇവർക്ക് തദ്ദേശസ്ഥാപനങ്ങളിൽ അംഗങ്ങളാവാനോ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളാവാനോ കഴിയില്ലെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം തേയിലത്തോട്ട തൊഴിലാളികൾ, പട്ടികജാതി-പട്ടികവർഗക്കാർ എന്നിവരെ ഈ മാനദണ്ഡങ്ങളുടെ പരിധിയിൽനിന്നും ഒഴിവാക്കും.

വായ്പ എഴുതിത്തള്ളലിനും മറ്റു സർക്കാർ പദ്ധതികൾക്കും ജനസംഖ്യാ മാനദണ്ഡങ്ങൾ കണക്കിലെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ ഇത് തേയിലത്തോട്ട തൊഴിലാളികൾക്കും പട്ടികജാതി-പട്ടികവർഗ വിഭാ​ഗങ്ങൾക്ക് ബാധകമല്ല. ദാരിദ്ര്യം കുറയ്ക്കുന്നതിന് ജനസംഖ്യാ നിയന്ത്രണത്തിനായി മാന്യമായ കുടുംബാസൂത്രണ നയം സ്വീകരിക്കണമെന്ന് ന്യൂനപക്ഷ സമുദായങ്ങളോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചത് നേരത്തെ വിവാദമായിരുന്നു. സംസ്ഥാനത്തെ ജനസംഖ്യ ഇനിയും പെരുകിയാൽ താമസിക്കാനുള്ള സ്ഥലത്തെച്ചൊല്ലി തർക്കമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാൽ, ജനസംഖ്യ ഉയരുന്നുവെന്ന മുഖ്യമന്ത്രിയുടെ വാദത്തെ കോൺഗ്രസ് തള്ളിക്കളഞ്ഞു. അസമിലെ സ്ത്രീകളുടെ പ്രത്യുത്‌പാദന നിരക്ക് 2015-16 കാലയളവിലെ 2.2ൽ നിന്ന് 2020-21ൽ 1.9 ആയി കുറഞ്ഞു. അതുകൊണ്ട് അസമിലെ ഭാവിയിലെ ജനസംഖ്യ നിലവിലെ ജനസംഖ്യയെക്കാൾ കുറവായിരിക്കും എന്നാണ് കോൺഗ്രസ് പറയുന്നത്. കഴിഞ്ഞ മേയ് 10നാണ് ഹിമന്തയുടെ നേതൃത്വത്തില്‍ ബി.ജെ.പി. സഖ്യ സര്‍ക്കാര്‍ വീണ്ടും അസമിൽ അധികാരത്തിലേറിയത്. അസം ഗണ പരിഷത്തും യുനൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറലുമാണ് ബി.ജെ.പിയുടെ സഖ്യകക്ഷികള്‍.