Headlines
Loading...
നടിയെ പീഡിപ്പിച്ച കേസില്‍ തമിഴ്നാട് മുന്‍മന്ത്രി അറസ്റ്റില്‍

നടിയെ പീഡിപ്പിച്ച കേസില്‍ തമിഴ്നാട് മുന്‍മന്ത്രി അറസ്റ്റില്‍

മലേഷ്യന്‍ പൗരത്വമുള്ള നടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ എഐഎഡിഎംകെ നേതാവും മുന്‍മന്ത്രിയുമായ മണികണ്ഠന്‍ അറസ്റ്റില്‍. ബംഗളൂരുവില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. മദ്രാസ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് യുവതി മണികണ്ഠനെതിരെ പരാതി നല്‍കിയത്. മൂന്ന് തവണ ഗര്‍ഭിണിയായപ്പോള്‍ ഭീഷണിപ്പെടുത്തി ഗര്‍ഭച്ഛിദ്രം ചെയ്യിച്ചു. ബന്ധം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

2017ലാണ് മണികണ്നും മലേഷ്യന്‍ നടിയും തമ്മില്‍ പരിചയപ്പെടുന്നത്. കഴിഞ്ഞ സര്‍ക്കാരില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രിയായിരുന്നു മണികണ്ഠന്‍. മലേഷ്യന്‍ ടൂറിസം ഡവലപ്മെന്‍റ് ഓര്‍ഗനൈസേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നു യുവതി. ഭാര്യയുമായി അകന്നു കഴിയുകയാണെന്നും വിവാഹം കഴിക്കാമെന്നും മണികണ്ഠന്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് ഇരുവരും ഒന്നിച്ചു കഴിയുകയായിരുന്നു.

മന്ത്രി സ്ഥാനം പോകുമെന്ന് പറഞ്ഞാണ് സ്വകാര്യ ക്ലിനിക്കലെത്തിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയതെന്ന് യുവതി പറയുന്നു. കഴിഞ്ഞ വര്‍ഷം മന്ത്രിസഭയില്‍ നിന്ന് മണികണ്ഠനെ പുറത്താക്കിയിരുന്നു. ഇതോടെ വിവാഹ വാഗ്ദാനത്തില്‍ നിന്നും ഇയാള്‍ പിന്മാറി. സംഭവം പുറത്തു പറഞ്ഞാല്‍ നഗ്ന ഫോട്ടോകളും ദൃശ്യങ്ങളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. മണികണ്ഠന്‍ ഭീഷണിപ്പെടുത്തി അയച്ച വാട്‌സാപ്പ് സന്ദേശങ്ങള്‍ യുവതി പുറത്തുവിട്ടിരുന്നു. പ്രത്യേക അന്വേഷണ സംഘമാണ് ഒളിവിലായിരുന്ന മണികണ്ഠനെ പിടികൂടിയത്.