national
ഹെെദരാബാദ് യൂണിവേഴ്‌സിറ്റിയിൽ വിദേശ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം; പ്രൊഫസർ അറസ്റ്റിൽ
അഹമ്മദാബാദ്: ഹെെദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ വിദേശ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സീനിയർ പ്രൊഫസർ അറസ്റ്റിൽ. തായ് വിദ്യാർത്ഥിനിയാണ് ഹിന്ദി വിഭാഗം അധ്യാപകനെതിരെ പരാതി നൽകിയത്. ഗച്ചിബൗളി പൊലീസ് ആണ് അധ്യാപകനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പരാതിക്ക് ആസ്പദമായ സംഭവം നടന്നത് വെള്ളിയാഴ്ച രാത്രിയാണ്.പ്രൊഫസർ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും എതിർത്തപ്പോൾ മർദിച്ചെന്നുമാണ് യുവതിയുടെ പരാതിയെന്ന് ഗച്ചിബൗളി പൊലീസ് പറഞ്ഞു. 'കുറെക്കാലമായി പ്രൊഫസർ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്നാണ് പരാതിക്കാരിയുടെ ആരോപണം. പ്രൊഫസറിനെതിരെ സെക്ഷൻ 354 പ്രകാരം കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്,' പൊലീസ് പറഞ്ഞു.
അതേസമയം പ്രൊഫസറിനെതിരെ ക്യാമ്പസിലെ വിദ്യാർത്ഥികൾ കവാടത്തിൽ പ്രതിഷേധ പ്രകടനം നടത്തി. സംഭവം നടന്നതിന് പിന്നാലെ വിദ്യാർത്ഥി യൂണിയൻ നേതാക്കൾ മുഖേന സർവ്വകലാശാല അധികൃതരെ പരാതി അറിയിക്കാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു. പ്രൊഫസർക്കെതിരെ നടപടിയാവശ്യപ്പെട്ട് രാത്രി മുഴുവൻ വിദ്യാർഥികൾ പ്രതിഷേധിച്ചെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു. പിറ്റേന്ന് വിദ്യാർത്ഥി സംഘം സ്റ്റേഷനിൽ എത്തി അധ്യാപകനെതിരെ പരാതി നൽകുകയായിരുന്നു.