national
ഇന്ത്യയുള്‍പ്പെടെ തെക്കനേഷ്യന്‍ രാജ്യങ്ങളിലെ തീവ്ര കൊവിഡ് പ്രത്യേക ജീന്‍ മൂലമെന്ന് പഠനം; 'ശ്വസന പ്രശ്‌നങ്ങളെ ഇരട്ടിയാക്കും
പ്രത്യേക ജനിതക പ്രശ്‌നമാണ് ഇന്ത്യയുള്‍പ്പെടെയുള്ള തെക്കനേഷ്യന്‍ രാജ്യങ്ങളിലെ തീവ്ര കൊവിഡ് ബാധയ്ക്ക് കാരണമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ചില ഗോത്ര വിഭാഗങ്ങള്‍ക്കിടയിലെ ഗുരുതര കൊവിഡ് ബാധ അവരില്‍ കാണപ്പെട്ട പ്രത്യേക തരം ജീന്‍ മൂലമെന്ന് പഠനം കണ്ടെത്തിയത്.
ഇത്തരം പ്രത്യേക ജീനുകള്‍ കൊവിഡ് രോഗികളില്‍ ശ്വസന പ്രശ്‌നങ്ങളെ ഇരട്ടിയാക്കുന്നതായാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. ശ്വാസനാളികളിലെ കോശങ്ങളെയും ശ്വാസകോശത്തെയും കൊവിഡ് വൈറസിനോട് പ്രതികരിക്കുന്നതില്‍ നിന്നും പ്രസ്തുത ജീന്‍ തടസ്സപ്പെടുത്തുന്നതായാണ് പഠനം കണ്ടെത്തിയത്. തെക്കനേഷ്യന്‍ പാരമ്പര്യമുള്ള ആളുകളില്‍ അറുപതു ശതമാനം പേരിലും ഇത്തരം ജീന്‍ കണ്ടെത്തിയാതായി പഠനം വിശദമാക്കുമ്പോള്‍ യൂറോപ്യന്‍ പാരമ്പര്യമുള്ളവരില്‍ വെറും പതിനഞ്ചു ശതമാനം പേരിലാണ് ഇത്തരം ജീന്‍ സാന്നിധ്യമുള്ളതെന്നും പഠനം വെളിപ്പെടുത്തുന്നു.
അതേസമയം, ആഫ്രോകരീബിയന്‍ ജനതയില്‍ രണ്ടുശതമാനം പേരിലാണ് ഇത്തരം ഹൈ റിസ്‌ക് ജീന്‍ ഉള്ളതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
പുതിയ കണ്ടെത്തലുകള്‍ ഇത്തരം ജീന്‍ സാന്നിധ്യമുള്ള ആളുകളില്‍ ചികിത്സ നടത്തുന്നതിന് പ്രത്യേക പഠനത്തിന്റെ ആവശ്യകതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇത്തരം പ്രത്യേക ജീന്‍ കണ്ടെത്തിയ കൊവിഡ് രോഗികള്‍ക്ക് ഉപയോഗിക്കാവുന്ന മരുന്നുകള്‍ ലഭ്യമല്ല.