Tokyo Olympics 2020
പുരുഷഹോക്കി: സെമിയില്‍ ഇന്ത്യക്ക് പരാജയം ; ഇനി വെങ്കല മെഡലിൽ മാത്രം പ്രതീക്ഷ
നാലു പതിറ്റാണ്ടിനു ശേഷം ഹോക്കിയില്‍ ഒരു സ്വര്‍ണമെഡല്‍ എന്ന ഇന്ത്യന്‍ സ്വപ്നങ്ങള്‍ പൊലിഞ്ഞു. ടോക്യോ ഒളിമ്പിക്‌സ് പുരുഷ വിഭാഗം ഹോക്കി സെമി ഫൈനലില്‍ ഇന്ത്യക്ക് തോല്‍വി. ഇന്നു നടന്ന സെമി പോരാട്ടത്തില്‍ രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്കു ബെല്‍ജിയം ഇന്ത്യയെ തറപറ്റിച്ചു. മത്സരത്തിന്റെ മൂന്നാം ക്വാര്‍ട്ടര്‍ വരെ പൊരുതി നിന്ന ഇന്ത്യക്ക് അവസാന ക്വാര്‍ട്ടറില്‍ വഴങ്ങിയ രണ്ടു ഗോളുകളാണ് നിര്‍ണായകമായത്. ഹാട്രിക് നേടിയ അലക്‌സാന്‍ഡര്‍ ഹെന്‍ഡ്രിക്‌സാണ് ബെല്‍ജിയത്തിന്റെ വിജയശില്‍പി. ഹെന്‍ഡ്രിക്‌സിനു പുറമേ ലുയാപെയര്‍ട്ട്, ജോണ്‍ ഡോഹ്മാന്‍ എന്നിവരാണ് ബെല്‍ജിയത്തിന്റെ മറ്റു ഗോളുകള്‍ നേടിയത്.
ഇന്ത്യക്കു വേണ്ടി ഹര്‍മന്‍ പ്രീത് സിങ്, മന്‍ദീപ് സിങ് എന്നിവരാണ് ഗോളുകള്‍ നേടിയത്. ഒരു ഘട്ടത്തില്‍ ബെല്‍ജിയത്തിനെതിരേ 2-1ന്റെ ലീഡ് നേടിയ ശേഷമാണ് ഇന്ത്യ കനത്ത തോല്‍വി വഴങ്ങിയത്. അവസാന ക്വാര്‍ട്ടറില്‍ ആക്രമണം അഴിച്ച് വിട്ട് ബെല്‍ജിയം നേടിയ പെനാല്‍റ്റി കോര്‍ണറുകളും അതില്‍ നിന്നുണ്ടായ പെനാല്‍റ്റി സ്‌ട്രോക്കുമാണ് അവസാന രണ്ട് ഗോളുകളിലേക്ക് വഴിതെളിച്ചതും മത്സരം ഇന്ത്യയുടെ കൈകളില്‍ നിന്ന് അകറ്റിയതും. ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനക്കാരായ ബെല്‍ജിയവും അഞ്ചാം സ്ഥാനക്കാരായ ഇന്ത്യയും ഏറ്റുമുട്ടിയ മത്സരം അത്യന്തം ആവേശകരമായിരുന്നു. രണ്ടാം മിനിറ്റില്‍ തന്നെ ഗോള്‍ നേടിയാണ് റിയോ ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേതാക്കളായ ബെല്‍ജിയം മത്സരം ആരംഭിച്ചത്. ലോയിക് ലുയപെയര്‍ട്ടായിരുന്നു സ്‌കോറര്‍.
എന്നാല്‍ അഞ്ച് മിനുട്ടുകള്‍ക്കുള്ളില്‍ രണ്ട് ഗോളുകളുമായി ഇന്ത്യ മത്സരത്തില്‍ മുന്നിലെത്തി. ഏഴാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിങ് ഇന്ത്യയെ ഒപ്പമെത്തിച്ചപ്പോള്‍ തൊട്ടടുത്ത മിനിറ്റില്‍ മന്‍ദീപ് ഇന്ത്യക്ക് ലീഡും സമ്മാനിച്ചു. ആദ്യ ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 2-1ന് മുന്നിലായിരുന്നു. രണ്ടാം ക്വാര്‍ട്ടറില്‍ പക്ഷേ ബെല്‍ജിയം തിരിച്ചടിച്ചു. മത്സരത്തിന്റെ 19-ാം മിനിറ്റില്‍ തന്റെ ആദ്യ ഗോള്‍ നേടിയ അലക്‌സാണ്ടര്‍ ഹെന്‍ഡ്രിക്‌സ് ബെല്‍ജിയത്തിനെ ഒപ്പമെത്തിച്ചു. നിരന്തരമായ ആക്രമണത്തില്‍ ഇന്ത്യന്‍ പ്രതിരോധത്തിനുമേല്‍ സമ്മര്‍ദ്ദം സൃഷ്ടിച്ച് നേടിയ പെനാള്‍ട്ടി കോര്‍ണറുകളില്‍ ഒന്നാണ് ബെല്‍ജിയം ഗോളാക്കി മാറ്റിയത്.
ഇതോടെ രണ്ടാം ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോള്‍ ഇരു ടീമുകളും 2-2 എന്ന സ്‌കോറില്‍ തുല്യത പാലിച്ചു. മൂന്നാം ക്വാര്‍ട്ടറിലും ബെല്‍ജിയത്തിന്റെ നേരിയ ആധിപത്യമായിരുന്നു. എന്നാല്‍ മികച്ച പ്രതിരോധവും ഗോള്‍പോസ്റ്റിനു കീഴില്‍ നായകനും മലയാളി താരവുമായ പി.ആര്‍. ശ്രീജേഷിന്റെ മിന്നുന്ന ഫോമും ചേര്‍ന്നപ്പോള്‍ അവര്‍ക്ക് ഇന്ത്യന്‍ കോട്ട തകര്‍ക്കാനായില്ല. ഇരുഭാഗത്തും ഗോളൊന്നും പിറക്കാതെയാണ് മൂന്നാം ക്വാര്‍ട്ടര്‍ അവസാനിച്ചത്. പക്ഷേ നാലാം ക്വാര്‍ട്ടറില്‍ കളി മാറി. തീര്‍ത്തും ആക്രമണശൈലിയിലേക്കു മാറിയ ബെല്‍ജിയം ഇന്ത്യന്‍ പ്രതിരോധത്തെ സമ്മര്‍ദ്ദത്തിലാക്കി. നിരന്തരമായ ആക്രമണങ്ങളിലൂടെ തുടരെ പെനാല്‍റ്റി കോര്‍ണറുകള്‍ സമ്പാദിച്ച അവര്‍ അതിലൂടെ തന്നെ ഇന്ത്യയെ വീഴ്ത്തുകയും ചെയ്തു. നാലാം ക്വാര്‍ട്ടര്‍ ആരംഭിച്ചയുടന്‍ തന്നെ ബെല്‍ജിയം ലീഡ് നേടിയിരുന്നു. തുടര്‍ച്ചയായ മൂന്നു പെനാല്‍റ്റി കോര്‍ണറുകള്‍ക്കൊടുവില്‍ തന്റെ രണ്ടാം ഗോള്‍ നേടിയ ഹെന്‍ഡ്രിക്‌സായിരുന്നു സ്‌കോറര്‍. പിന്നെയും നിരന്തരം പെനാല്‍റ്റിി കോര്‍ണറുകള്‍ നേടിയ ബെല്‍ജിയം ഇന്ത്യന്‍ പ്രതിരോധത്തിന്റെ പിഴവുകളില്‍ നിന്ന് പെനാല്‍റ്റി സ്‌ട്രോക്ക് നേടുകയും ഹെന്‍ഡ്രിക്‌സ് അത് ഗോളാക്കി തന്റെ ഹാട്രിക്ക് നേടുകയായിരുന്നു. നാലാം ഗോളും വഴങ്ങിയതോടെ ഇന്ത്യ നായകനും ഗോള്‍കീപ്പറുമായ ശ്രീജേഷിനെ പിന്‍വലിച്ച് 11 ഫീല്‍ഡ് താരങ്ങളെ മാത്രമാക്കി സമ്പൂര്‍ണ ആക്രമണത്തിന് മുതിര്‍ന്നെങ്കിലും ബെല്‍ജിയം പ്രതിരോധം ഇളകാതെ നില്‍ക്കുകയും അവര്‍ രു ഗോള്‍ കൂടി നേടുന്നതുമാണ് അവസാന സെക്കന്‍ഡുകളില്‍ കണ്ടത്.
തോല്‍വിയോടെ 1980-നു ശേഷം ആദ്യ ഒളിമ്പിക് സ്വര്‍ണമെന്ന മോഹമാണ് പൊലിഞ്ഞത്. 1980 മോസ്‌കോ ഒളിമ്പിക്‌സിലാണ് ഇതിനു മുമ്പ് അവസാനം ഇന്ത്യ ഫൈനല്‍ കളിച്ചതും സ്വര്‍ണം നേടിയതും. ഇന്നത്തെ തോല്‍വിയോടെ ഇന്ത്യയുടെ പ്രതീക്ഷ ഇനി വെങ്കല മെഡലിലാണ്. ഇന്നു വൈകിട്ട് നടക്കുന്ന രണ്ടാം സെമിയില്‍ ഓസ്‌ട്രേലിയ-ജര്‍മനി മത്സരത്തില്‍ തോല്‍ക്കുന്നവരാണ് ലൂസേഴ്‌സ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. ഓഗസ്റ്റ് അഞ്ചിനാണ് ലൂസേഴ്‌സ് ഫൈനല്‍.