Headlines
Loading...
തൊണ്ടിമുതല്‍ കേസ്; ആന്റണി രാജുവിന് തിരിച്ചടി, വിചാരണ നേരിടണമെന്ന് സുപ്രീം കോടതി Supreme Court

തൊണ്ടിമുതല്‍ കേസ്; ആന്റണി രാജുവിന് തിരിച്ചടി, വിചാരണ നേരിടണമെന്ന് സുപ്രീം കോടതി Supreme Court

ന്യൂഡല്‍ഹി: തൊണ്ടിമുതല്‍ കേസില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് എംഎല്‍എ ആന്റണി രാജുവിന് തിരിച്ചടി. ആന്റണി രാജു നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. ആന്റണി രാജു വിചാരണ നേരിടണമെന്ന് കോടതി വ്യക്തമാക്കി. ഒരു വര്‍ഷത്തിനകം വിചാരണ നടപടികള്‍ ഉള്‍പ്പടെ പൂര്‍ത്തിയാക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ഹൈക്കോടതി വിധിയില്‍ പിഴവില്ലെന്നും എം ആര്‍ അജയന് ഹര്‍ജി നല്‍കാന്‍ അവകാശമുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ആന്റണി രാജു
തൊണ്ടിമുതല്‍ കേസില്‍ പുനരന്വേഷണം വേണമോയെന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. തൊണ്ടി മുതലില്‍ അഭിഭാഷകന്‍ കൂടിയായ ആന്റണി രാജു കൃത്രിമം കാട്ടിയെന്ന് ആരോപിച്ചുള്ള കേസിലാണ് വിധി. പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ ആന്റണി രാജു നല്‍കിയ അപ്പീലിലാണ് വിധി വന്നിരിക്കുന്നത്.

ലഹരി മരുന്ന് കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ രക്ഷപെടുത്താന്‍ തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്നാണ് ആന്റണി രാജുവിനെതിരായ കുറ്റം. 1990ല്‍ തിരുവനന്തപുരം വിമാനത്താവളത്തിലാണ് വിദേശ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ അടിവസ്ത്രത്തില്‍ ലഹരിമരുന്നുമായി പിടിയിലായത്. ഈ വ്യക്തി മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച അടിവസ്ത്രം ചെറുതാക്കി തയ്ച്ച് പ്രതിക്ക് പാകമാകാത്തവിധം ആന്റണി രാജു തിരികെയേല്‍പ്പിച്ചുവെന്നാണ് കുറ്റപത്രം. സാങ്കേതിക കാരണങ്ങളാലാണ് ആന്റണി രാജുവിനെതിരായ എഫ്ഐആര്‍ റദ്ദാക്കുന്നതെന്നും പുതിയ നടപടിക്രമങ്ങളുമായി വിചാരണക്കോടതിക്ക് മുന്നോട്ട് പോകാന്‍ തടസമില്ലെന്നുമായിരുന്നു ഹൈക്കോടതിയുടെ വിധി