international desk
‘ലൈവിനിടെ മിസൈൽ, കൈ വിറയ്ക്കുന്നു’: ഇസ്രായേലിൽ നിന്നുള്ള നടുക്കുന്ന വീഡിയോ പങ്കുവെച്ച് മലയാളി യുവാവ്
ജറുസലേം: ഇസ്രായേലിലെ ഹമാസ് ഷെല്ലാക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളുമായി മലയാളിയുടെ ലൈവ് വീഡിയോ. സനോജ് വ്‌ലോഗ് എന്ന പേജിലാണ് ഇസ്രായേലിലെ അഷ്‌കലോണിൽ നിന്നുള്ള ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഒട്ടേറെ മലയാളി പ്രവാസികൾ ഉള്ള സ്ഥലമാണിതെന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നു.
അഷ്‌കലോണിലെ അവസ്ഥ അതിഭീകരമാണെന്നും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇയാൾ വീഡിയോയിൽ പറയുന്നുണ്ട്. നിരവധി കെട്ടിടങ്ങൾ തകർന്നു പോയിരിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. ആക്രമണം ചിത്രീകരിച്ചുകൊണ്ടുള്ള നിരവധി വീഡിയോകൾ സനോജ് പങ്കുവെച്ചിട്ടുണ്ട്.
ഹമാസ് ഷെല്ലാക്രമണത്തിൽ മലയാളി നഴ്‌സ് അടക്കം 30ഓളം പേർ ഇസ്രായേലിൽ കൊല്ലപ്പെട്ടിരുന്നു. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. അഷ്‌കലോണിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു യുവതി. സൗമ്യയെ ആശുപത്രിയിലെത്തിച്ചപ്പോഴുള്ള വീഡിയോയും സനോജ് തന്റെ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ഹമാസ് നേതൃത്വം നൽകുന്ന ഗാസമുനമ്പിലെ പലസ്തീൻ തീവ്രവാദ ഗ്രൂപ്പുകൾ ചൊവ്വാഴ്ച മുഴുവൻ ഇസ്രായേലിന് നേരെ വൻ തോതിൽ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. ഇതിനിടെയാണ് മലയാളി നഴ്‌സ് അടക്കം കൊല്ലപ്പെടുന്നത്. ഭീകരാക്രമണത്തിനെതിരെ ഇസ്രായേൽ ശക്തമായ തിരിച്ചടിയും നൽകി.