
kerala
കപ്പൽ ജീവനക്കാർക്കുള്ള കോവിഡ് വാക്സിൻ നിർത്തലാക്കിയത് പുനരാരംഭിക്കണം. മർച്ചന്റ് നേവി അസോസിയേഷൻ (നൂസി)
ഉദുമ: മുൻഗണന പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള കപ്പൽ ജീവനക്കാർക്ക് നൽകിവന്നിരുന്ന കോവിഡ് പ്രതിരോധ വാക്സിൻ പുനരാരംഭിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് മർച്ചന്റ് നേവി അസോസിയേഷൻ (നൂസി) കാസറഗോഡ് ജില്ലാ ഭാരവാഹികൾ നിയുക്ത ഉദുമ എം. എൽ.എ.. സി. എച്ച്. കുഞ്ഞമ്പുവിന് നിവേദനം നൽകി. അതോടൊപ്പം മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി,മറ്റു എം.എൽ.എ മാർ,, ആരോഗ്യ വകുപ്പ് അധികൃതർ എന്നിവർക്ക് ഇ മെയിൽ സന്ദേശവും അയച്ചു.
പല വിദേശ കപ്പൽ കമ്പനികളും ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് നിർബന്ധമായും വാക്സിൻ എടുക്കണമെന്ന് നിർദ്ദേശിച്ചിരിക്കുന്ന സാഹചര്യത്തിൽ, അവധിയിൽ ഉള്ളവർക്ക് തിരിച്ച് ജോലിയിൽ പ്രവേശിക്കാൻ സാധിക്കാതെ വന്നിരിക്കുകയാണ്. ഇക്കാരണത്താൽ പല കമ്പനികളിലും ഇന്ത്യക്കാരെ ഒഴിവാക്കിക്കൊണ്ട് ഫിലിപ്പൈൻസ്, ബംഗ്ലാദേശ്, പാകിസ്ഥാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ജീവനക്കാരെ എടുത്ത് തുടങ്ങിയിരിക്കുന്നു. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് മലയാളികളായ ജീവനക്കാരെയാണ്. ഇത് വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വഴിതെളീക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അത് മാത്രമല്ല ഇന്ത്യൻ കമ്പനികളുടെ കപ്പലുകളിൽ ഒരു വർഷത്തിലധികമായി അവധിയിൽ വരാൻ പറ്റാതെ ജീവനക്കാർ കുടുങ്ങി കിടക്കുന്നുണ്ട്. ഇതിനെല്ലാം പരിഹാരം കാണണമെങ്കിൽ വാക്സിൻ പുനരാരംഭിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണം എന്നാണ് നൂസി ആവശ്യപ്പെടുന്നത്.