
രാജ്യത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ കൂടുതലുള്ള ജില്ലകള്‍ അടച്ചിടണമെന്ന് െഎസിഎംആര്‍. ഇന്ത്യയില്‍ കണ്ടെത്തിയ വൈറസിന്‍റെ വകഭേദത്തെ രാജ്യത്തിന്‍റെ പേര് ചേര്‍ത്ത് വിളിക്കില്ലെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. പ്രതിദിന മരണനിരക്ക് ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. വാക്സീന്‍ നിര്‍മാതാക്കളുമായി ദിവസവും ആശയവിനിമയം നടത്താന്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.
കോവിഡിന്‍റെ രണ്ടാംതരംഗം ഇന്ത്യയുടെ ഗ്രാമങ്ങളെ പിടിച്ചുലയ്ക്കുകയാണ്. 533 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ കൂടുതല്‍. 13 സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിലധികം ആക്ടീവ് കേസുകളുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ കൂടുതലുള്ള ജില്ലകളില്‍ 6 മുതല്‍ 8 ആഴച്ചവരെ ലോക്സഡൗണ്‍ വേണമെന്ന് െഎസിഎംആര്‍ മേധാവി ഡോക്ടര്‍ ബല്‍റാം ഭാര്‍ഗവ നിര്‍ദേശിക്കുന്നു. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ ചെറിയ കാലതാസമുണ്ടായെന്നും ആളുകള്‍ ഒത്തുകൂടിയ സാഹചര്യങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും ബല്‍റാം ഭാര്‍ഗവ അഭിപ്രായപ്പെട്ടു. 24 മണിക്കൂറിനിടെ 3,48,421 രോഗികള്‍. 3,55,338 രോഗമുക്തര്‍. 4,205 മരണം. കഴിഞ്ഞ 14 ദിവസത്തിനിടെ അരലക്ഷത്തോളം ജീവന്‍ നഷ്ടമായി.
കൊറോണ വൈറസിന്‍റെ B.1.617 വകഭേദത്തെ ഇന്ത്യന്‍ വകഭേദമെന്ന് ലോകാരോഗ്യസംഘടന വിശേഷിപ്പിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വൈറസിനെ രാജ്യങ്ങളുടെ പേര് ചേര്‍ത്തുവിളിക്കാറില്ലെന്നും ശാസ്ത്രനാമം മാത്രമാണ് നല്‍കാറെന്നും ലോകാരോഗ്യസംഘടനയും വിശദീകരിച്ചു. ഇന്ത്യയില്‍ രണ്ട് മുതല്‍ 18 വയസുവരെയുള്ളവരില്‍ കോവാക്സീന്‍റെ പരീക്ഷണത്തിന് അനുമതി ലഭിച്ചു.
വാക്സീന്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാന്‍ പത്തോളം സംസ്ഥാനങ്ങള്‍ നീക്കം തുടങ്ങി. കോവാക്സീന്‍ ഉല്‍പാദന സാങ്കേതികവിദ്യ കൈമാറണമെന്ന് അഭ്യര്‍ഥിച്ച് ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഢി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കോവിഡ് മരണം ഉയരുന്നതിനിടെ മധ്യപ്രദേശിലെ റുഞ്ജ് നദിയിലും മൃതദേഹങ്ങള്‍ കണ്ടെത്തി. യുപിയിലും ബിഹാറിലും മൃതദേഹങ്ങള്‍ നദിയില്‍ കണ്ടെത്തിയിരുന്നു.