national
കഴിഞ്ഞ വര്‍ഷം കോവിഡിനെ പരാജയപ്പെടുത്തി; ഇത്തവണയും ഇന്ത്യയ്ക്ക് സാധിക്കും - പ്രധാനമന്ത്രി
ന്യൂഡൽഹി: വാക്സിൻ ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് ദേശീയ ശേഷി മുഴുവൻ ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടുതൽ കരുത്തോടെയുള്ള കോവിഡിന്റെ രണ്ടാം വ്യാപനം സംബന്ധിച്ചും വാക്സിനേഷൻ സംബന്ധിച്ചും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
ഭയാനകമായ രീതിയിൽ രാജ്യത്ത് കോവിഡ് പകർന്ന് പിടിക്കുന്നതിനിടെ പ്രധാനമന്ത്രി മോദി ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് ഉന്നതതല യോഗം ചേർന്നത്.
കഴിഞ്ഞ വർഷം ഇന്ത്യ കോവിഡിനെ പരാജയപ്പെടുത്തി. അതേ തത്വങ്ങൾ ഉപയോഗിച്ച് വേഗതയിലും ഏകോപനത്തോടെയും ഇത് വീണ്ടും ചെയ്യാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
'പരിശോധന, ട്രാക്ക് ചെയ്യുക, ചികിത്സ എന്നിവയ്ക്ക് പകരമായി ഒന്നുമില്ലെന്ന് പ്രധാനമന്ത്രി യോഗത്തിൽ വ്യക്തമാക്കി. കോവിഡ് രോഗികൾക്ക് ആശുപത്രി കിടക്കകളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. പ്രാദേശിക ഭരണകൂടങ്ങൾ ജനങ്ങളുടെ ആശങ്കൾ സജീവവും സംവേദനക്ഷമതയോടെയും കൈകാര്യം ചെയ്യണം' പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു.
റെംഡെസിവിർ അടക്കമുള്ള മരുന്നുകളുടെ വിതരണം സംബന്ധിച്ചും പ്രധാനമന്ത്രി വിലയിരുത്തി. ഓക്സ്ജിൻ ലഭ്യത സംബന്ധിച്ചും അദ്ദേഹം നിർദേശങ്ങൾ നൽകി.