kerala
പുതുപ്പള്ളി ആരെ തുണയ്ക്കും; ജനം പോളിങ് ബൂത്തില്‍; വോട്ടെടുപ്പ് തുടങ്ങി
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പിന് തുടക്കം. ബൂത്തുകളില്‍ രാവിലെ മുതല്‍ നീണ്ട നിര പ്രത്യക്ഷപ്പെട്ട് തുടങ്ങി. സഹതാപവും വിവാദങ്ങളും വികസനവും സമാസമം ചർച്ച ചെയ്യപ്പെട്ട 26 പ്രചാരണ ദിവസങ്ങൾക്ക് ശേഷമാണ് വോട്ടെടുപ്പ്. വൈകിട്ട് ആറുവരെയാണ് വോട്ടിങ്. ആകെ ഒരുലക്ഷത്തി എഴുപത്തിയാറായിരത്തി നാന്നൂറ്റി പതിനേഴ് വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 182 പോളിങ് സ്റ്റേഷനുകളിലായി 228 വോട്ടിങ് യന്ത്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഉമ്മൻചാണ്ടി നേടിയ എക്കാലത്തെയും വലിയ ഭൂരിപക്ഷമായ 33,000 ചാണ്ടി ഉമ്മനിലൂടെ മറികടക്കുമെന്ന് യുഡിഎഫ് ഉറപ്പിച്ചു പറയുമ്പോൾ നേരിയ ഭൂരിപക്ഷത്തിൽ എങ്കിലും 53 വർഷത്തിനുശേഷം ജെയ്ക് സി. തോമസിലൂടെ മണ്ഡലം തിരിച്ചുപിടിക്കും എന്നാണ് എൽഡിഎഫിന്റെ പ്രഖ്യാപനം. വോട്ടു നില മെച്ചപ്പെടുത്തും എന്നാണ് ബിജെപിയുടെ അവകാശവാദം. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്‍ പുതുപള്ളി ജോര്‍ജിയന്‍ പബ്ലിക് സ്കൂളിലും ജെയ്ക് സി.തോമസ് മണര്‍കാട് കണിയാംകുന്ന് എല്‍.പി. സ്കൂളിലും വോട്ട് രേഖപ്പെടുത്തും. എൻഡിഎ സ്ഥാനാർഥി ലിജിൻ ലാലിന് മണ്ഡലത്തിൽ വോട്ടില്ല. വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍.