kerala
ഓണക്കാലത്ത് ബവ്റിജസ് കോര്‍പറേഷനു റെക്കോര്‍ഡ് വില്‍പന: കുടിച്ചത് 759 കോടിയുടെ മദ്യം; പ്രിയം 'ജവാനോ'ട്; നികുതിയായി വന്നത് 675 കോടി
ഓണക്കാലത്ത് ബവ്റിജസ് കോര്‍പറേഷനു റെക്കോര്‍ഡ് വില്‍പന. പത്തു ദിവസം കൊണ്ട് വിറ്റത് 759 കോടി രൂപയുടെ മദ്യം. സര്‍ക്കാരിനു നികുതിയായി മാത്രം കിട്ടിയത് 675 കോടി രൂപയാണ്. ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞത് ജവാന്‍ ബ്രാന്‍ഡാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ തവണത്തേതിനേക്കാള്‍ 59 കോടി രൂപയുടെ മദ്യമാണ് ഇക്കുറി അധികമായി വിറ്റഴിഞ്ഞത്.
അവിട്ടം ദിനത്തില്‍ 91 കോടി രൂപയുടെ മദ്യം വിറ്റപ്പോള്‍ ഉത്രാട ദിനത്തില്‍ വിററത് 116 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ ഉത്രാട ദിനത്തെ അപേക്ഷിച്ച് 4 കോടി രൂപയുടെ വര്‍ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇരിങ്ങാലക്കുട ഔട്ലെറ്റ് വില്‍പനയില്‍ ഒന്നാം സ്ഥാനത്തും ആശ്രാമം ഔട്ലെറ്റ് രണ്ടാം സ്ഥാനത്തും എത്തി.
ആകെ വില്‍പനയില്‍ ഒന്നാം സ്ഥാനത്തെത്തിയത് മലപ്പുറം തിരൂര്‍ ഔട്ലെറ്റാണ്. ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞത് സര്‍ക്കാരിന്‍റെ സ്വന്തം മദ്യമായ ജവാന്‍ ബ്രാന്‍ഡാണ്. ആറു ലക്ഷത്തി മുപ്പതിനായിരം ലീറ്റര്‍ ജവാനാണ് വിറ്റത്. ജവാന്‍റെ ഉല്‍പാദനം സര്‍ക്കാര്‍ ഇരട്ടിയാക്കിയിരുന്നു. മലയാളി കുടിച്ചു റെക്കാര്‍ഡിട്ടപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട സര്‍ക്കാരിനു നികുതിയായി മാത്രം കിട്ടിയത് 675 കോടി രൂപയാണ്