national
ബംഗാളില്‍ വീണ്ടും രാഷ്ട്രീയക്കൊല; തൃണമൂല്‍ പ്രാദേശിക നേതാവിനെ കൊലപ്പെടുത്തി
പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ തുടങ്ങിയ അക്രമം ബംഗാളില്‍ വ്യാപിക്കുന്നു. സുജാപൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെ കൊലപ്പെടുത്തി. കോണ്‍ഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ആരോപണം. സാഹേബ് ഗഞ്ചില്‍ കേന്ദ്രമന്ത്രി നിഷിത് പ്രമാണിക്കിന്‍റെ വാഹന വ്യൂഹത്തിനുനേരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു.
പെട്രോള്‍ ബോംബേറും കല്ലേറും തമ്മിലടിയുമായി സൗത്ത് 24 പര്‍ഗാനയില്‍ ഒതുങ്ങിനിന്ന സംഘര്‍ഷം കൂച്ച് ബിഹാറിലേക്കും സുജാപൂരിലേക്കും വ്യാപിച്ചു. സുജാപൂരില്‍ മുന്‍ പഞ്ചായത്ത് പ്രധാനും തൃണമൂല്‍ പ്രാദേശിക നേതാവുമായ മുസ്തഫ ഷെയ്ക്കിനെ കൊലപ്പെടുത്തി. കോണ്‍ഗ്രസാണ് പിന്നിലെന്ന് കുടുംബം ആരോപിച്ചു. സാഹേബ് ഗഞ്ചില്‍ നാമനിര്‍ദേശപത്രികയുടെ സൂക്ഷ്മപരിശോധന നടക്കുന്നതിനിടെ തൃണമൂല്‍–ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കേന്ദ്രമന്ത്രി നിഷിത് പ്രമാണിക്കിന്‍റെയും ബിജെപി എംഎല്‍എയുടെയും വാഹനത്തിനുനേരെ കല്ലേറിഞ്ഞു.